ജ്ഞാനസഭ; വി.സിമാർക്ക് മേൽ പ്രയോഗിച്ചത് സമ്മർദവും പ്രലോഭനങ്ങളും
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത് രാജ്ഭവൻ കേന്ദ്രീകരിച്ചുള്ള സമ്മർദ, പ്രലോഭന തന്ത്രങ്ങൾക്ക് വഴങ്ങിയെന്ന് സൂചന. ചാൻസലറായ ഗവർണർ കൂടി പങ്കെടുക്കുന്നതിനാൽ പരിപാടിക്കെത്തണമെന്നായിരുന്നു വി.സിമാർക്ക് മേലുള്ള സമ്മർദം.
പങ്കെടുത്ത നാല് വി.സിമാരിൽ മൂന്ന് പേരും സർക്കാർ പാനൽ തള്ളി മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചവരാണ്. കുഫോസ് വി.സി ഡോ. ബിജുകുമാറിനെ സർക്കാർ പാനലിൽ നിന്നാണ് ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ചത്. ഇതിന് പുറമെ കേരള സർവകലാശാലയുടെ അധിക ചുമതലയുള്ള ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വി.സിയുടെ ചുമതലയുള്ള ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി.സിയുടെ ചുമതലയുള്ള ഡോ. കെ.കെ സാജു എന്നിവരാണ് ജ്ഞാനസഭയിൽ പങ്കെടുത്തത്.
നാല് വി.സിമാരിൽ മൂന്ന് പേരും വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയുള്ള സർവകലാശാല അധ്യാപകരാണ്. ഈ സർവകലാശാലകളിലെല്ലാം സ്ഥിരം വി.സി പദവികൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥിരം വി.സി പദവിയിലേക്കുള്ള നിയമനം നടക്കുമ്പോൾ പരിഗണിക്കാമെന്ന ഓഫറാണ് ചില വി.സിമാർക്ക് മേൽ കാര്യങ്ങൾ നടത്തിയെടുക്കാൻ മുന്നോട്ടുവെച്ചത്. ഇതിനകം കരട് പ്രസിദ്ധീകരിച്ച യു.ജി.സി റെഗുലേഷൻ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അതുവഴി വി.സി നിയമനത്തിനുള്ള പ്രായപരിധി 70 വയസ്സായി ഉയരുന്നതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രലോഭനങ്ങൾ.
കേരള സർവകലാശാല വി.സിയുടെ ചുമതലയുള്ള ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിനെ 2019ൽ ആരിഫ് മുഹമ്മദ് ഖാൻ വി.സിയായിരിക്കെ നിയമിച്ചത് സർക്കാർ നോമിനിയെ വെട്ടിയാണ്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി നേതാവിന്റെ താൽപര്യത്തിനൊപ്പിച്ചായിരുന്നു മോഹനൻ കുന്നുമ്മലിന്റെ നിയമനം.
പിന്നാലെ 2024ൽ ആരിഫ് മുഹമ്മദ് ഖാൻ തന്നെ അഞ്ച് വർഷത്തേക്ക് കൂടി മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാല വി.സിയായി പുനർനിയമനവും ഒപ്പം ‘കേരള’ വി.സിയുടെ അധിക ചുമതല തുടർന്നും നൽകി. രാജ്ഭവൻ നിർദേശങ്ങൾക്കനുസൃതമായാണ് ‘കേരള’യിൽ മോഹനൻ കുന്നുമ്മലിന്റെ ഭരണം. കാലിക്കറ്റ് സർവകലാശാലയിൽ വി.സിയുടെ ചുമതല നൽകിയ ഡോ. പി. രവീന്ദ്രനാകട്ടെ സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടന നേതാവ് കൂടിയായിരുന്നു.
വി.സിയായി നിയമനം നൽകിയതിന് പിന്നാലെ പേഴ്സനൽ സ്റ്റാഫിലേക്ക് സർവകലാശാലയിലെ ബി.ജെ.പി സംഘടന നേതാക്കളെ രാജ്ഭവൻ സമ്മർദത്തിൽ നിയമിക്കാൻ വി.സി നിർബന്ധിതനായി. കണ്ണൂർ വി.സിയായി നിയമിതനായ ഡോ. കെ.കെ. സാജു തുടക്കം മുതൽ രാജ്ഭവൻ -ബി.ജെ.പി താൽപര്യത്തിനൊത്താണ് പ്രവർത്തിക്കുന്നത്.
അതേസമയം, കേരള സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനായ കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അംഗമായ കുഫോസ് വി.സിയുടെ ചുമതലയുള്ള ഡോ. ബിജുകുമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് സർക്കാറിന് കനത്ത തിരിച്ചടിയായി.
സർക്കാർ സമർപ്പിച്ച പാനലിൽനിന്നാണ് ബിജുകുമാറിന് നിയമനം ലഭിച്ചത്. ആർ.എസ്.എസ് മേധാവിയുടെ സെമിനാറിൽ താൻ പങ്കെടുത്തിട്ടില്ലെന്നും വി.സി എന്ന നിലയിൽ വിദ്യാഭ്യാസ സെമിനാറിലാണ് പങ്കെടുത്തതെന്നുമാണ് ബിജുകുമാറിന്റെ വിശദീകരണം. എന്നാൽ ഒമ്പത് സർവകലാശാലകളിലെ വി.സിമാർ പരിപാടിയിൽ പങ്കെടുത്തതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

