വി.സിമാർ വിവാദത്തിൽ
text_fields1. ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
‘സംഘ്പരിവാറിന്‍റെ നൂറു വർഷങ്ങൾ’ പ്രഭാഷണ സഭയുടെ മുൻനിരയിൽ ഡോ. സി.ആർ. പ്രസാദും (വലത്തുനിന്ന് രണ്ടാമത്)
ഡോ. മോഹനൻ കുന്നുമ്മലും (വലത്തുനിന്ന് നാലാമത്) 2. പ്രഭാഷണ സഭയിൽ ഡോ. ഡി. മാവൂത് (വലത്തുനിന്ന് മൂന്നാമത്)
തിരുവനന്തപുരം: സർ സംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ആർ.എസ്.എസ് പരിപാടിയിൽ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ ക്ഷണിതാക്കളായെത്തിയത് വിവാദമായി. മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഉൾപ്പെടെ വി.സിമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നു. വി.സിമാർ കേരള സമൂഹത്തോട് മാപ്പുപറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഗവർണറുടെ ചാൻസലർ പദവി ഉപയോഗിച്ച് സംസ്ഥാനത്തെ സർവകലാശാലകളിൽ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മൂന്ന് സർവകലാശാലകളുടെ തലപ്പത്തുള്ളവർ ആർ.എസ്.എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തത്. കേരള സർവകലാശാല വി.സിയുടെ ചുമതലയുള്ള ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മൽ, എം.ജി സർവകലാശാല താൽകാലിക വി.സി ഡോ. ഡി. മാവൂത്, മലയാളം സർവകലാശാല താൽകാലിക വി.സി ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘സംഘ്പരിവാറിന്‍റെ നൂറു വർഷങ്ങൾ’ എന്ന പ്രഭാഷണ സഭയിൽ പങ്കെടുത്തത്. പരിപാടിയിൽ സദസ്സിന്‍റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിയത് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് ആയിരുന്നു.
ഇടതുസർക്കാറിന്റെ കാലത്ത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെയാണ് ബി.ജെ.പി താൽപര്യപ്രകാരം മോഹൻ കുന്നുമ്മൽ വി.സിയായത്. ഈയിടെയാണ് കുസാറ്റിലെ ബി.ജെ.പി അധ്യാപക സംഘടന ഭാരവാഹിയായ ഡോ. ഡി. മാവൂത്തിനെ ഗവർണർ എം.ജി താൽക്കാലിക വി.സിയായി നിയമിച്ചത്. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഇടതുസർക്കാറിന്‍റെ കാലത്ത് നൽകിയ പാനലിൽനിന്ന് ഗവർണർ നിയമിച്ചയാളാണ്. ഇദ്ദേഹം മേയ് 31ന് വിരമിച്ചെങ്കിലും തുടരാൻ അനുവദിച്ചിരുന്നു. ഇടതുപക്ഷ അധ്യാപക സംഘടന അംഗമാണിദ്ദേഹം. സർവകലാശാലകളിലെ കാവിവത്കരണത്തെച്ചൊല്ലി ഇടതുസർക്കാർ ചാൻസലറായ ഗവർണറുമായി ഏറ്റുമുട്ടൽ പാതയിലായിരുന്നു. അതിന്‍റെ ചുവടുപിടിച്ച് വി.സിമാരും സംഘ്പരിവാർ കേന്ദ്രങ്ങളിലേക്ക് ചായുന്നത് സർവകലാശാലകളിൽ പിടിമുറുക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എം.ജി സർവകലാശാലയിൽ ഗവർണർ ബി.ജെ.പി നോമിനിയെ താൽകാലിക വി.സിയായി നിയമിച്ചതും ആർ.എസ്.എസ് പശ്ചാത്തലമുള്ള 19 സെനറ്റംഗങ്ങളെ നാമനിർദേശം ചെയ്തതും ഇതിന്‍റെ തുടർച്ചയാണ്. താൽകാലിക അധ്യാപക നിയമനത്തിലും സംഘ്പരിവാറുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്.
വി.സിമാർ മാപ്പുപറയണം
വി.സിമാരുടെ നടപടി അന്തസ്സിനും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും നിരക്കാത്തത്. വർഗീയത പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കില്ല -മുഖ്യമന്ത്രി വി.ഡി. സതീശൻ
സർക്കാർ ആർ.എസ്.എസ്സിന് കീഴടങ്ങി
19 സംഘ്പരിവാറുകാരെ എം.ജി വാഴ്സിറ്റിയിൽ നിയമിച്ചപ്പോഴും സർക്കാറും യു.ഡി.എഫ് നേതൃത്വവും ഒരു എതിർപ്പുമുയർത്തിയില്ല. ഗവർണറുടെ നിലപാട് ആർ.എസ്.എസിന് വേണ്ടിയുള്ളതാണ്. -പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

