കേരളയിൽ കോലാഹലം
text_fieldsകേരള സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിനുശേഷം പൊലീസ് സുരക്ഷയിൽ പുറത്തേക്ക് വരുന്ന വൈസ് ചാൻസലർ ചുമതലയുള്ള ഡോ. സിസ തോമസ്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന ഭൂരിപക്ഷം വരുന്ന ഇടതു അംഗങ്ങളുടെ ആവശ്യം തള്ളി വൈസ്ചാൻസലറുടെ ചുമതലയുള്ള ഡോ. സിസ തോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയി.
ഇതേ തുടർന്ന് സീനിയർ അംഗം ഡോ. പി.എം. രാധാമണിയുടെ അധ്യക്ഷതയിൽ ഇടതു അംഗങ്ങൾ സിൻഡിക്കേറ്റ് യോഗം തുടർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി. പിന്നാലെ, സിൻഡിക്കേറ്റ് നിർദേശ പ്രകാരം വൈകീട്ട് നാലരയോടെ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിലെ ഓഫിസിലെത്തി രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ജോയന്റ് രജിസ്ട്രാർ ഹരികുമാറിൽ നിന്ന് ചുമതലയേറ്റെടുത്തു.
എന്നാൽ, താൻ യോഗം പിരിച്ചുവിട്ട ശേഷം അംഗങ്ങളെടുത്ത തീരുമാനത്തിന് നിയമപ്രാബല്യമില്ലെന്നും ഇത് നിലനിൽക്കില്ലെന്നും വി.സി ഡോ. സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. രജിസ്ട്രാറുടെ സസ്പെൻഷനു ശേഷം അവധി ദിനത്തിൽ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലുടനീളം അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു.
രജിസ്ട്രാറുടെ ചുമതലയുള്ള ജോയന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തിലായിരുന്നു വി.സിയുടെ ഇറങ്ങിപ്പോക്കിന് ശേഷം സിൻഡിക്കേറ്റ് യോഗം തുടർന്നത്. ഇല്ലാത്ത അധികാരമുപയോഗിച്ച് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കാൻ നാലംഗസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായി ഇടതു സിൻഡിക്കേറ്റംഗം അഡ്വ.ജി. മുരളീധരൻ അറിയിച്ചു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി വി.സി യോഗത്തിൽ റിപ്പോർട്ട് ചെയ്തെങ്കിലും വിഷയം ചർച്ച ചെയ്യാൻ തയാറായില്ല. രജിസ്ട്രാറുടെ സസ്പെന്ഷൻ റദ്ദാക്കാനായി ഇടതു അംഗങ്ങൾ കൊണ്ടുവന്ന പ്രമേയത്തിന് വി.സി അനുമതിയും നിഷേധിച്ചു. സസ്പെൻഷൻ ഹൈകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ പരിഗണിക്കാനാകില്ലെന്നായിരുന്നു വി.സിയുടെ നിലപാട്.
ഇതിനെച്ചൊല്ലി യോഗത്തിൽ ബഹളവുമുണ്ടായി. പ്രമേയം അവതരിപ്പിക്കാൻ ഇടതു അംഗങ്ങൾ ശ്രമിച്ചതോടെയാണ് വി.സി യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയത്. വിഷയത്തിൽ ഹൈകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം ചർച്ച ചെയ്യാനായിരുന്നു യോഗമെന്നും സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് വി.സി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ സിൻഡിക്കേറ്റിന്റെ നിലപാട് സർവകലാശാല സ്റ്റാൻഡിങ് കോൺസലും വി.സിയുടെ നിലപാട് മറ്റൊരു അഭിഭാഷകനും കോടതിയെ അറിയിക്കും. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി തിരികെ സർവിസിൽ പ്രവേശിപ്പിച്ചെന്ന് സർവകലാശാല സ്റ്റാൻഡിങ് കോൺസലും നടപടി നിലനിൽക്കില്ലെന്ന് വി.സിയുടെ അഭിഭാഷകനും അറിയിക്കുമ്പോൾ ഹൈകോടതിയെടുക്കുന്ന നിലപാട് നിർണായകമായി മാറും.
ഹൈകോടതി നടപടിയെ വിമർശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട ഇടതു സിൻഡിക്കേറ്റംഗത്തിന്റെ നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ കൊണ്ടുവന്ന പ്രമേയവും സിൻഡിക്കേറ്റ് യോഗത്തിൽ വി.സി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

