പെൺകുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നുവെന്ന് വെറ്ററിനറി യൂനിവേഴ്സിറ്റി വി.സി
text_fieldsതൃശൂർ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണശേഷം പെൺകുട്ടിയുടെ പരാതിയടക്കം അസ്വാഭാവികമായി പലതും നടന്നെന്നും എന്നാൽ, പരാതി ലഭിച്ച കാര്യം തനിക്കും രജിസ്ട്രാർക്കും അറിയില്ലെന്നും സസ്പെൻഷനിലായ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥ്. തന്‍റെ ടേബിളിൽ അത്തരമൊരു പരാതി വന്നിട്ടില്ല.
പെൺകുട്ടി തനിക്ക് പരാതി നൽകിയിട്ടില്ല. ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് തന്‍റെയടുത്ത് എത്തിയിട്ടില്ലെന്നും എം.ആർ. ശശീന്ദ്രനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ പുറത്തു പോരേണ്ടിവന്നതിൽ വിഷമമുണ്ട്. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. അവരുടെ പി.എഫ്.ഐ ബന്ധം അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണമടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.
ചാൻസലർക്ക് സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ട്. പക്ഷേ, തന്നെ കേൾക്കാതെയും വിശദീകരണം തേടാതെയുമാണ് നടപടിയെടുത്തത്. എന്നാലും കോടതിയിൽ പോകില്ല. പ്രതികാര നടപടിയാണെന്ന് കരുതുന്നില്ല. ഗവർണറുമായി നല്ല ബന്ധമാണ്. കഴിഞ്ഞ ദിവസം സിദ്ധാർഥന്‍റെ വീട്ടിൽ പോയിരുന്നു. നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഡീനിനെയും അസിസ്റ്റന്‍റ് വാർഡനെയും സസ്പെൻഡ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തന്റെ സസ്പെൻഷൻ വാർത്തയെത്തിയത്. വാട്സ് ആപ്പിലൂടെയാണ് വിവരം അറിയിച്ചത്. ഡീനിന്‍റെയും അസി. വാർഡന്‍റെയും സസ്പെൻഷൻ ഉത്തരവിൽ താൻ ഒപ്പിട്ടിട്ടില്ല. അവർ ഇരുവരും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു.
സർവകലാശാലക്ക് ഏഴ് കോളജുകളും അവിടെയെല്ലാം വാർഡന്മാരുമുണ്ട്. തന്റെ കാലാവധി പൂർത്തിയാകാൻ ഇനി അഞ്ചു മാസമേയുള്ളൂ. പി.സി. ശശീന്ദ്രന് വി.സിയുടെ ചുമതല നൽകിയതിനെ സ്വാഗതം ചെയ്യുന്നു. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായില്ലെന്നും വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ശശീന്ദ്രനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

