വെറ്ററിനറി സർവകലാശാല അധിക തസ്തിക സൃഷ്ടിക്കാൻ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് രേഖ
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാലത്തും അധിക അധ്യാപക തസ്തിക സൃഷ്ടിക്കാൻ വെറ്ററിനറി സർവകലാശാല സംസ്ഥാന സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് രേഖകൾ. അധ്യാപക നിയമനം നടത്തിയില്ലെങ്കിൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുമെന്ന് സർക്കാറിനെ ബോധ്യപ്പെടുത്തിയാണ് പുതിയ തസ്തിക അനുവദിപ്പിച്ചത്. വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 159 അധ്യാപക നിയമനം നടത്താനാണ് ഉന്നതരുടെ നീക്കം.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) അംഗീകാരം 2021 മാർച്ച് 28 മുതൽ 2026 മാർച്ച് 27 വരെ സർവകലാശാലക്ക് ലഭിച്ചിട്ടുണ്ടെന്ന് വി.സി എല്ലാ പഠന വകുപ്പുകൾക്കും അയച്ച ഇ-മെയിൽ ആണ് പുറത്തുവന്നത്.
എല്ലാ പഠന വകുപ്പുകളും കോളജുകളും പരിശോധിച്ച ശേഷമാണ് ഐ.സി.എ.ആർ അഞ്ചു വർഷത്തേക്കുള്ള അംഗീകാരം സർവകലാശാലക്ക് നൽകിയത്. ഇക്കാര്യം മറച്ചുവെച്ചാണ് സർവകലാശാല സർക്കാറിനെകൊണ്ട് തിരക്കിട്ട് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. കൂടുതൽ അധ്യാപകരെ നിയമിച്ചില്ലെങ്കിൽ സർവകലാശാല ബിരുദങ്ങൾക്ക് അഖിലേന്ത്യതലത്തിൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രോ-ചാൻസലർ കൂടിയായ മൃഗസംരക്ഷണ മന്ത്രിയെ സമ്മർദത്തിലാക്കിയതായും ആക്ഷേപമുണ്ട്. യു.ജി.സി നിബന്ധനപ്രകാരം ഇപ്പോൾതന്നെ അധ്യാപക-വിദ്യാർഥി അനുപാതം കൂടുതലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർവകലാശാല 159 അധ്യാപക നിയമനം കൂടി നടത്തുന്നതോടെ ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും ഗവേഷണ പ്രവർത്തനങ്ങളും മുടങ്ങും.
നിയമനങ്ങളിൽ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സർവകലാശാലയിൽ ഇതിനു നിയമനിർമാണം പോലും നടത്താൻ തയാറാവാതെയാണ് തിരക്കിട്ട് നിയമനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

