വെറ്ററിനറി, ഡെന്റൽ പ്രവേശനം: സാമ്പത്തിക സംവരണം നടപ്പാക്കിയെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: വെറ്ററിനറി, ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം നിലവിലുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളതായും വ്യക്തമാക്കി.
വെറ്ററിനറി, ഡെന്റൽ കോഴ്സുകൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയില്ലെന്നാരോപിച്ച് വിദ്യാർഥിയായ വിനയ് ശങ്കർ സമർപ്പിച്ച ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ഇതിനായി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി ഹരജി തീർപ്പാക്കി.

