സി.പി.ഐയുടെ മുൻകാല നേതാവ് സുഭദ്രാമ്മ തങ്കച്ചി അന്തരിച്ചു
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐയുടെ പഴയകാല നേതാവുമായ സുഭദ്രാമ്മ തങ്കച്ചി (93) അന്തരിച്ചു. രാവിലെ 7.15ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കര എണ്ണക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
തിരുവിതാംകൂറിലെ പ്രശസ്തമായ ആലപ്പുഴയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തില്‍ 1924 സെപ്തംബര്‍ 14ന് നാരായണിയമ്മ തങ്കമ്മ കെട്ടിലമ്മയുടെയും മൂലം തിരുനാള്‍ രാമവര്‍മ രാജയുടെയും മകളായാണ് സുഭദ്രാമ്മ തങ്കച്ചിയുടെ ജനനം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനായി മുന്നിട്ടിറങ്ങുകയും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്തു.
കോളജില്‍ പഠിക്കുന്ന സമയത്ത് സഹോദരനും മുന്‍ സ്പീക്കറുമായ ശങ്കരനാരായണന്‍ തമ്പിയാണ് സുഭദ്രാമ്മയെ എ.ഐ.എസ്.എഫില്‍ അംഗമാക്കുന്നത്. മാന്നാര്‍ എൻ.എസ്.എസ് ഹൈസ്‌കൂളിലാണ് പത്താംതരം വരെ പഠിച്ചത്. പിന്നീട് വുമണ്‍സ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും (തിരുവനന്തപുരം) പഠനം നടത്തി. 1947-48 ല്‍ കൊല്‍ക്കത്ത തീസിസിന്‍റെ കാലത്ത് നിയമവിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൾ സജീവമായി.
എ.ഐ.ടി.യു.സി നേതാവ് ജോര്‍ജ് ചടയമുറിയുടെ ഭാര്യയാണ്. മക്കള്‍: കല്‍പന, പ്രഭ, ലീനാകുമാരി, പ്രദീപ് ചടയന്‍മുറി, മായാദേവി, പരേതനായ പ്രകാശ്. മരുമക്കള്‍: സുധാകരന്‍ നായര്‍, ലത മീനാക്ഷി, രേണുക ദേവി, ബീന, പ്രഭാകരന്‍, പരേതനായ വിജയരാഘവന്‍.
ആദ്യകാല കമ്യൂണിസ്റ്റും മഹിളാ നേതാവുമായിരുന്ന സുഭദ്രാമ്മ തങ്കച്ചിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർഥിയായിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന അവർ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായും വാർത്താകുറിപ്പിൽ മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
