ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാത്തുമ്മ അന്തരിച്ചു
text_fieldsആലുവ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാത്തുമ്മ അന്തരിച്ചു. ചൂണ്ടി കടവുങ്കൽ വീട്ടിൽ മമ്മുവിന്‍റെ ഭാര്യ പാത്തുമ്മ (87) ആണ് നിര്യാതയായത്. ഇരുപത് ദിവസത്തോളം ആലുവ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഡിസ്ചാർജായി വീട്ടിൽ കഴിയുകയായിരുന്നു.
ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. കോവിഡ് ടെസ്റ്റിന് ശേഷം കൊടികുത്തുമല ജമാഅത്ത് പള്ളിയിൽ ഖബറക്കം നടത്തും.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ പി.കെ.വാസുദേവൻ നായർ, സി.അച്യുതമേനോൻ, ഇ.കെ. നായനാർ, കെ.ആർ. ഗൗരിയമ്മ, ഇ.ബാലാനന്ദൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാത്തുമ്മ അശോക കമ്പനിയിലെ തൊഴിലാളി നേതാവായിരുന്നു.
ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലും പ്രവർത്തിച്ച പാത്തുമ്മ ഒട്ടനവധി തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകുകയും പൊലീസ് മർദനങ്ങൾക്കിരയാകുകയും ചെയ്തിട്ടുണ്ട്. മക്കൾ: മമ്മുഞ്ഞ്, റഷീദ്, സലീം. മരുമക്കൾ: നൂർജഹാൻ, മറിയുമ്മ.