മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസിൽ നാലു മാസത്തിനകം വിധി പറയണം -സുപ്രീംകോടതി
text_fieldsഅബ്ദുന്നാസിര്‍ മഅ്ദനി
ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനി അടക്കം നിരവധി മലയാളികളെ പ്രതിചേർത്ത ബംഗളൂരു സ്ഫോടനക്കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള കർണാടക സർക്കാറിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. നാലു മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ആറ് മാസത്തിനകം കേസിൽ വിധി പറയണമെന്ന ഹൈകോടതി ഉത്തരവ് അംഗീകരിക്കാതെ ചോദ്യം ചെയ്ത് തിരുത്തിച്ച കർണാടക സർക്കാറിന് വീണ്ടും സമയം കുറച്ച് നൽകുകയാണ് സുപ്രീംകോടതി ചെയ്തത്.
കേസിലെ 28ാം പ്രതിയായ പറവൂർ സ്വദേശി താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. സ്ഫോടനക്കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാത്തതിനാൽ താൻ ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് കൈപ്പറ്റി നാല് മാസത്തിനകം അന്തിമ വിധി പുറപ്പെടുവിക്കണമെന്ന് ബെഞ്ച് ഉത്തരവിൽ നിർദേശിച്ചു.
ബംഗളൂരു സ്ഫോടനക്കേസ് ആറ് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് 2016ലും 2020ലും രണ്ട് തവണ കർണാടക ഹൈകോടതി നിർദേശം നൽകിയിട്ടും അതിനുള്ള നടപടി കർണാടക സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഏറ്റവുമൊടുവിൽ, സ്ഫോടനകേസിൽ അന്തിമ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജിക്ക് കോടതി മാറ്റം ലഭിച്ചതിനെ തുടർന്ന് പുതിയ ജഡ്ജിക്ക് മുമ്പിലാണ് വിചാരണ നടക്കുന്നത്.
പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി പ്രതിഭാഗം കേട്ടുതുടങ്ങുന്ന സമയത്തായിരുന്നു ജഡ്ജി മാറ്റം. ഒരിക്കൽ പൂർത്തിയാക്കിയ പ്രോസിക്യൂഷൻ വാദം പുതിയ ജഡ്ജി പുനരാരംഭിച്ചതോടെ കേസ് ഇനിയും നീളുമെന്ന് കാണിച്ച് താജുദ്ദീൻ ഹൈകോടതിയെ സമീപിച്ചു. ആറ് മാസത്തിനകം അന്തിമ വിധി പുറപ്പെടുവിക്കാൻ കർണാടക ഹൈകോടതി ഉത്തരവിട്ടു.
അത് ചോദ്യം ചെയ്ത കർണാടക സർക്കാർ കാലയളവ് പറയരുതെന്നാവശ്യപ്പെട്ട് ആറ് മാസ സമയപരിധി ഒഴിവാക്കി. ഇത് ചോദ്യം ചെയ്ത് താജുദ്ദീൻ സമർപ്പിച്ച ഹരജിയിലാണ് കർണാടകക്ക് കനത്ത തിരിച്ചടിയായ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

