അധിക്ഷേപം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
text_fieldsതിരുവനന്തപുരം: വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാറാണ് പരാതി നൽകിയത്.
ജോലി തടസപ്പെടുത്തി, ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും എതിരെയാണ് പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതി ജില്ല റൂറൽ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
ഈ മാസം 21ന് വർക്കല ശിവഗിരിയിൽ വച്ചാണ് സുലേഖ ശശികുമാറിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് മോശം പ്രതികരണമുണ്ടായത്. ബി.ജെ.പി കൗൺസിലർ തിരുമല അനിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച വനിതാ മാധ്യമ പ്രവർത്തകയോടാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായി സംസാരിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് ബി.ജെ.പി അധ്യക്ഷനെ ചൊടിപ്പിച്ചത്.
മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാൻ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു രാജീവ് ചന്ദ്രശേഖർ കയർത്തത്. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സി.പി.എമ്മിന്‍റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും. അനിലിനെ പ്രതിസന്ധി സമയത്ത് ബി.ജെ.പി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞെന്നും വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും അദ്ദേഹം പ്രതികരിച്ചു.
‘നിങ്ങളോട് ആരാ പറഞ്ഞത്, പറയൂ അത്, നിങ്ങൾ ഏതു ചാനലാ? എന്നാ മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്’ -എന്നായിരുന്നു രാജീവ് ചന്ദ്രേശേഖർ പറഞ്ഞത്.
ശനിയാഴ്ച വലിയശാല ഫാം ടൂർ സൊസൈറ്റി ഓഫിസിലാണ് ബി.ജെ.പി നേതാവും തിരുവനന്തപുരം കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ അനിൽ കുമാർ ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിക്ക് ഓഫിസിലെത്തിയ അനിൽ തൂങ്ങി മരിക്കുകയായിരുന്നു. സൊസൈറ്റി പ്രസിഡന്‍റായ അനിൽകുമാറിന്‍റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങളിൽ താൻ തനിച്ചായെന്നും ആരും സഹായിച്ചില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ താൻ ഒറ്റപ്പെട്ടു. മറ്റാരും സഹായിച്ചില്ല. ഒറ്റ പൈസ പോലും എടുത്തില്ല. എല്ലാ കുറ്റങ്ങളും തന്‍റെ നേർക്കായി. അതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നത്.
ടൂർ സൊസൈറ്റി ആറു കോടി രൂപലധികം വായ്പ നൽകിയിട്ടുണ്ട്. സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം വന്നതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ സാധിച്ചില്ല. ഇതേതുടർന്ന് തമ്പാനൂർ പൊലീസിൽ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഭാരവാഹിയായ അനിൽ കുമാറിനോടാണ് പൊലീസ് വിവരങ്ങൾ തേടിയത്.
ആത്മഹത്യ റിപ്പോർട്ട് ചെയ്യാനായി സൊസൈറ്റി ഓഫിസിലെത്തിയ പത്രം, ചാനൽ ലേഖകരെ ബി.ജെ.പി പ്രവർത്തകർ അന്ന് കൈയേറ്റം ചെയ്തിരുന്നു. മാധ്യമപ്രവർത്തകരെ കെട്ടിടത്തിന്‍റെ നടയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും കാമറകൾ നശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

