തദ്ദേശഭരണ ആസ്ഥാനത്തെ ഒളിച്ചുകളിയിൽ കുരുങ്ങി വി.ഇ.ഒമാരുടെ സ്ഥാനക്കയറ്റം
text_fieldsകണ്ണൂർ: തദ്ദേശ വകുപ്പ് ആസ്ഥാനത്തെ ചില ഉന്നതരുടെ ഇടപെടൽമൂലം വി.ഇ.ഒമാരുടെ സ്ഥാനക്കയറ്റം നിലക്കുന്നു. മുൻ ഗ്രാമവികസന വകുപ്പിൽ നിന്നും വകുപ്പ് സംയോജനത്തിലൂടെ തദ്ദേശഭരണ വകുപ്പിൽ എത്തിയ വി.ഇ.ഒമാരുടെ അർഹമായ പ്രമോഷനാണ് വർഷങ്ങളായി നിലച്ചിരിക്കുന്നത്. പ്രീ- സർവിസ് ട്രെയിനിങ്ങിന്റെ ഭാഗമായുള്ള പരീക്ഷ പാസായാൽ മാത്രമേ സ്ഥാനക്കയറ്റത്തിന് അർഹതയുള്ളുവെന്ന ഗ്രാമവികസന വകുപ്പ് സ്പെഷ്യൽ റൂളിനെ അടിസ്ഥാനമാക്കിയുള്ള കേസിന്റെ മറവിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ചില ഉന്നതഉദ്യോഗസ്ഥർ വകുപ്പ് മേധാവിക്കും സർക്കാറിനും നൽകിയ തെറ്റായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തെ അർഹരായ നിരവധിപേരുടെ സ്ഥാനക്കയറ്റം നിഷേധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
സർക്കാർ നിയമാനുസൃതം നടപ്പിലാക്കിയ സ്പെഷ്യൽറൂളിലെ ഒരു വ്യവസ്ഥക്ക് എതിരെയുള്ള കേസും അതിൽ സർക്കാർ എതിർകക്ഷിയായിട്ടും വകുപ്പിന്റെ ഭാഗം സമർഥിക്കാൻ വേണ്ട നടപടികൾ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഒന്നാം ഗ്രേഡ് വി.ഇ.ഒമാരുടെ പ്രമോഷൻ സംബന്ധിച്ച് ഒരു കേസ് മാത്രം നിലവിലുണ്ടായിരിക്കേ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. എന്നാൽ ഫയൽ പരിശോധനയിൽ ഒരു കേസിന്റെ രേഖകൾ മാത്രമേയുള്ളൂവെന്നും ബോധ്യപ്പെട്ടിട്ടും നിലവിലെ അവസ്ഥക്ക് മാറ്റമില്ലാതെ സ്ഥാനക്കയറ്റം തടയുകയാണെന്നാണ് വി.ഇ.ഒമാരുടെ പരാതി. ഒരുവിധ കേസും നിലവിലില്ലാത്ത രണ്ടാം ഗ്രേഡ് വി.ഇ.ഒമാരുടെ സ്ഥാനക്കയറ്റവും ഇതിന്റെ മറവിൽ വർഷങ്ങളായി തടഞ്ഞിരിക്കുകയാണ്. ഇത് തടഞ്ഞത് എന്തിനാണെന്ന ചോദ്യത്തിന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന് മറുപടിയും ഇല്ല.
നിലവിലുള്ള ഏക കേസിന്റെ അന്തിമ വിധിക്കനുസരിച്ച് പുനഃക്രമീകരണം നടത്തുന്നതാണെന്ന വ്യവസ്ഥയുൾപ്പെടുത്തി കണ്ടീഷനൽ പ്രമോഷൻ അടിയന്തരമായി നടപ്പാക്കുന്നതിനായി നൽകിയ നിർദേശവും പൂഴ്ത്തിവെക്കാനുള്ളു നീക്കം ആരംഭിച്ചതായും ആരോപണമുണ്ട്. സ്ഥാനക്കയറ്റം നൽകാത്തതിന്റെ പേരിൽ നിരവധി ഉദ്യോഗസ്ഥർക്കാണ് സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടാതെ സർവിസിൽ നിന്നും പിരിഞ്ഞുപോകേണ്ടി വന്നത്.

