ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറിയത് ലക്ഷങ്ങൾ; വി.ഇ.ഒയുടെ തട്ടിപ്പിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് അന്വേഷണം
text_fieldsപത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ വി.ഇ.ഒ നടത്തിയ തട്ടിപ്പിൽ കൂടുതൽ അന്വേഷണം. വി.ഇ.ഒ എം.ആർ. റാണിലക്ഷ്മി നടത്തിയ തട്ടിപ്പിൽ ഇതുവരെയുള്ള പരിശോധനയിൽ 70 ലക്ഷത്തോളം തട്ടിയെത്തതായാണ് കണ്ടെത്തിയത്. ഇവരുടെ ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തും. ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിനുപുറമേ, ലൈഫ് ഭവന പദ്ധതിയിലെ ഫണ്ട് വിതരണത്തിൽ വഴിവിട്ട് ക്രമക്കേടുകൾ നടത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
51.23 ലക്ഷം രൂപ അപഹരിച്ചെന്ന് കാട്ടിയാണ് നിലവിൽ പഞ്ചായത്ത് സെക്രട്ടറി ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച വരെ നടത്തിയ പരിശോധനയിൽ അത് 69.80 ലക്ഷമായി. ഇവർ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതിനിടെ വി.ഇ.ഒക്ക് തട്ടിപ്പ് നടത്താൻ മറ്റു ചിലരുടെ സഹായം ലഭിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
വി.ഇ.ഒ നടത്തിയ മുഴുവൻ ഇടപാടുകളെപ്പറ്റിയും വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടത്താൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിൽ കരാർ വെച്ച് വീട് നിർമാണം തുടങ്ങിയവരും പാതി നിർമാണം നടത്തിയവരുമെല്ലാം തുടർഗഡു കിട്ടാതെ വലഞ്ഞിരിക്കുകയാണ്. മിക്ക ഗുണഭോക്താക്കൾക്കും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞത്.
മിക്ക പദ്ധതികളുടെയും ഗുണഭോക്താക്കളിൽനിന്ന് പണം ലഭിച്ചതായുള്ള രേഖകൾ വി.ഇ.ഒ ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. പദ്ധതി നിർവഹണ ഉദ്യോഗസ്ഥയെന്ന നിലയിൽ ഇവർ ആവശ്യപ്പെടുന്ന രേഖകൾ നൽകുകയും അതിൽ ഒപ്പിട്ട് നൽകുകയും ചെയ്യുന്നത് സാധാരണമാണ്. പദ്ധതി പണം സർക്കാർ അനുവദിക്കുമ്പോൾ ഉടൻ നൽകാനെന്ന പേരിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം വി.ഇ.ഒ തട്ടിപ്പിന് ഉപയോഗപ്പെടുത്തി എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽനിന്ന് ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തിയെന്ന കേസിലാണ് കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മിയെ (40) കോന്നി പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവർ ഒളിവിൽ പോയിരുന്നു. അതിനിടെ ഇവർ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈഫ് ഭവന പദ്ധതിയിയുടേതുൾപ്പടെ സീതത്തോട് ഗ്രാമപഞ്ചായത്തിലെ പദ്ധതി ഗുണഭോക്തൃവിഹിതത്തിൽ നിന്ന് പണം വി.ഇ.ഒ തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം ചിറ്റാർ പൊലീസിൽ പരാതി നൽകിയത്. റാണി ലക്ഷ്മി ഇപ്പോൾ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഗുണഭോക്താക്കൾക്ക് നൽകാനായി സർക്കാർ അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് വി.ഇ.ഒ തട്ടിപ്പ് നടത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയത്. ബന്ധുക്കളുടെയും മറ്റും പേരുകൾ ഗുണഭോക്തൃപട്ടികയിൽ വ്യാജമായി ചേർത്തായിരുന്നു തട്ടിപ്പ്. 2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിൽ തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാറിയത്.
സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായുള്ള വിവരംപുറത്ത് വന്നതിനെ തുടർന്ന് അവിടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

