വേണുവിന്‍റെ മരണം: മെഡിക്കൽ കോളജ് അധികൃതരുടെ പോരായ്മയല്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്‍റെ മരണത്തിൽ ചികിത്സ വൈകിയില്ലെന്ന് പ്രാഥമിക കണ്ടെത്തൽ. പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വേണുവിനെ മരണത്തിന് വിട്ടുകൊടുത്ത സംഭവം ഏറെ വിവാദമായിട്ടും മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിയാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ.
ആരോഗ്യ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ഡോ.ടി.കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. അതിലും മറിച്ചൊരു നീരീക്ഷണവും ഉണ്ടാകാനിടയില്ല.
വേണുവിന് യഥാസമയം ചികിത്സ കിട്ടാത്തതാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. വേണുവിന്റെ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും, കേസ് ഷീറ്റിൽ അപാകതകളില്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. ചികിത്സാ വീഴ്ചയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരും മൊഴി നൽകിയിട്ടുണ്ട്.
ഡി.എം.ഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക. അതേസമയം, അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മരിച്ച വേണുവിന്റെ കൂടുതൽ ശബ്ദസന്ദേശം ശനിയാഴ്ച പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ വേണു ഉന്നയിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വേണുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

