വെളിപ്പെടുത്തലുമായി വനിത ഡോക്ടർ: 'മരിച്ച കോവിഡ് രോഗിക്ക് വെൻറിലേറ്റർ ഘടിപ്പിച്ചിരുന്നില്ല'
text_fieldsകളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായ ഫോർട്ട്കൊച്ചി സ്വദേശി ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തൽ ശരിവെച്ച് വനിത ഡോക്ടർ. മരിക്കുന്ന സമയത്ത് ഹാരിസിെൻറ മുഖത്ത് മാസ്ക് ഉണ്ടായിരുന്നെങ്കിലും വെൻറിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കൽ േകാളജിലെ ജൂനിയർ ഡോക്ടർ നജ്മ വെളിപ്പെടുത്തി.
മെഡിക്കൽ കോളജിലെ ഡോക്ടർ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും നജ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.ജീവനക്കാരുടെ അനാസ്ഥ മൂലം മെഡിക്കൽ കോളജിൽ രോഗികൾ മരിച്ചിട്ടുണ്ടെന്നും ഹാരിസിെൻറ വെൻറിലേറ്റർ ട്യൂബ് ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്നുമുള്ള നഴ്സിങ് ഓഫിസർ ജലജാദേവിയുടെ ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കോവിഡ് തുടങ്ങിയ ഘട്ടം മുതൽ എം.ഐ.സി.യുവിൽ ജോലി ചെയ്തുവരുന്ന താൻ ഹാരിസിനെ നോക്കിയിട്ടുള്ള ആളാണ്. എന്നാൽ, മരണസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. മരിക്കുേമ്പാൾ മുഖത്ത് മാസ്ക് ഉണ്ടായിരുന്നെങ്കിലും വെൻറിലേറ്റർ കണക്ഷൻ ഉണ്ടായിരുന്നില്ലെന്നാണ് ഡൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞത്. വളരെ വിഷമത്തോടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. മുതിർന്ന ഡോക്ടർമാരെ അറിയിച്ചെങ്കിലും പ്രശ്നമാക്കരുതെന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി. എം.ഐ.സി.യുവിൽ സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പേരെടുത്ത് പറയാൻ തനിക്കറിയാം. ഏതെങ്കിലും ഡോക്ടറോടോ നഴ്സിസിനോടോ തനിക്ക് വിരോധമില്ല. രോഗികൾക്ക് നീതി ലഭിക്കണമെന്നേയുള്ളൂ. പുതുതായി വരുന്ന നഴ്സുമാർ നന്നായി ജോലി ചെയ്യുന്നുണ്ടെങ്കിലും പഴയവർ തന്നെപ്പോലുള്ളവർ പറയുന്നത് ഉൾക്കൊള്ളാറില്ല. എല്ലാ കുറ്റവും നഴ്സിങ് ഓഫിസറുടെ തലയിൽ കെട്ടിവെച്ച് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെയും നടപടി വേണം. ഈ വിഷയത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം ശരിയല്ല. ഇതൊക്കെ പറഞ്ഞതിെൻറ പേരിൽ പല ഭവിഷ്യത്തുകളും നേരിടേണ്ടിവരുമെന്നറിയാം. ജോലിയിൽനിന്ന് പിരിയേണ്ടിവന്നേക്കാം. പഠനം മുടങ്ങിയേക്കാം. എന്തും നേരിടാൻ തയാറാണെന്നും ഡോ. നജ്മ വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ
ആലുവ: കളമശ്ശേരി മെഡിക്കൽ കോളജ് ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കോവിഡ് ചികിത്സക്കിടെ ആലുവ സ്വദേശി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. ആലുവ കൊടികുത്തുമല സ്വദേശി കാഞ്ഞിരത്തിങ്കൽ ബൈഹഖി മരിക്കാനിടയായത് നഴ്സിങ് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്നാണ് ചികിത്സിച്ച ഡോക്ടർ വെളിപ്പെടുത്തിയത്. ബൈഹഖിയുടെ വെൻറിലേറ്ററിൽ ഓക്സിജൻ ലഭിച്ചിരുന്നില്ല. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മൂന്ന് മണിക്കൂറിന് ശേഷമാണ് മാറ്റിയത്. ഇതാണ് മരണത്തിനിടയാക്കിയതെന്നും പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ശരിയല്ലാത്ത കാര്യങ്ങൾ പർവതീകരിക്കുന്നു –ആരോഗ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികെളക്കുറിച്ച് ശരിയല്ലാത്ത കാര്യങ്ങൾ പർവതീകരിച്ച് കാണിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വീഴ്ച ഉണ്ടെങ്കിൽ തിരുത്താൻ തയാറാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. സർക്കാറിെൻറ ഭാഗമായ ചില ആളുകൾ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചടങ്ങിൽ മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിൽ നടന്നതടക്കം വിവാദങ്ങളുടെ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.