വെണ്മണി ഇരട്ടക്കൊല: ഒന്നാംപ്രതിക്ക് വധശിക്ഷ, രണ്ടാംപ്രതിക്ക് ജീവപര്യന്തം
text_fieldsആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ. രണ്ടാംപ്രതി ജൂവൽ ഹുസൈൻ (24)ന് ജീവപര്യന്തം തടവും വിധിച്ചു. മാവേലിക്കര അഡിഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ–76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി–68) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികൾ.
2019 നവംബർ 11 നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്നു രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. 11ന് വൈകീട്ട് മൂന്നു മണിയോടെയാണ് പ്രതികളായ ലബിലു ഹസനും ജുവൽ ഹസനും വയോധിക ദമ്പതികളെ മൺവെട്ടി കൊണ്ടും കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്ത്.
കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാൻ വീടിനുള്ളിൽ അതിക്രമിച്ചു കടന്നു, കവർച്ച എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷാർഹരാണെന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തി. നവംബർ ഏഴിനും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു കേസ്. വിചാരണ വേളയിൽ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

