എലിവിഷം കഴിച്ചതായി പ്രതി അഫാൻ; മെഡിക്കൽ കോളജിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്നാണ് വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലക്ക് ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അഫാൻ (23) പറഞ്ഞത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന അഫാന്‍റെ വാക്കുകൾ കേട്ട് പൊലീസും ഞെട്ടി. വെട്ടേറ്റ ആറ് പേരിൽ അഞ്ചുപേരും ദാരുണമായി കൊല്ലപ്പെട്ടു. എലിവിഷം കഴിച്ച പ്രതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ വിശദമായ ചോദ്യംചെയ്യലിന് സാധിച്ചിട്ടില്ല.
വിദേശത്ത് പോയി അടുത്തിടെ മടങ്ങിവന്നയാളാണ് അഫാൻ. തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിന്‍റെ ഭാഗമായുള്ള തർക്കത്തെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രതി ലഹരിക്കടിമയാണോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, സാമ്പത്തികമായ പ്രശ്നങ്ങളുള്ള കുടുംബമല്ല അഫാന്‍റേതെന്ന് നാട്ടുകാർ പറയുന്നു. അഫാന് മറ്റ് സ്വഭാവദൂഷ്യങ്ങൾ ഉള്ളത് അറിയില്ലെന്നുമാണ് നാട്ടുകാരുടെ വാക്കുകൾ. അതിനാൽ, കൂട്ടക്കൊലയുടെ യഥാർഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പിതാവ് റഹിമിന്‍റെ വിദേശത്തുള്ള ഫർണിച്ചർ ബിസിനസ് പൊളിഞ്ഞുവെന്നും ബന്ധുക്കളോട് സഹായം ചോദിച്ചപ്പോൾ സഹായിച്ചില്ലെന്നും അതിനാൽ എല്ലാവരെയും കൊന്ന് താനും മരിക്കാനാണ് തീരുമാനിച്ചത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പെൺസുഹൃത്തിനെയും കൂട്ടത്തിൽ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഓരോരുത്തരെയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ വിശദീകരിച്ചിട്ടുണ്ട്.
അഫാന്‍റെ പിതാവിന്‍റെ മാതാവ് സൽമാ ബീവി, അഫാന്‍റെ അനുജൻ അഫ്സാൻ (13), പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്‍റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റവരിൽ അഫാന്‍റെ മാതാവ് ഷെമി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

