അഫാനെതിരെ മൊഴി നൽകാതെ മാതാവ്; കട്ടിലിൽനിന്ന് വീണാണ് പരിക്ക് പറ്റിയതെന്ന് ആവർത്തിച്ച് ഷെമി
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. കട്ടിലിൽനിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന മൊഴി മജിസ്ട്രേറ്റിന് മുന്നിലും ആവർത്തിച്ചു. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
പിതാവ് അബ്ദുൽ റഹീമിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യത ഉള്ളതിനെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. വിദേശത്ത് ഒളിവിലായതിനാൽ സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറില്ല. അടുത്ത് നടന്ന സംഭവങ്ങളെ കുറിച്ച് അറിയില്ലെന്നും റഹീം മൊഴി നൽകി. കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് തന്നെയാണ് പൊലീസ് എത്തുന്നത്. കടബാധ്യതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഷെമി ചിട്ടി നടത്തി പണം നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രയാസം പരിഹരിക്കാൻ വേണ്ടിയാണ് ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്‍റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ, പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി.
ഏഴുവർഷം നീണ്ട പ്രവാസത്തിന്‍റെ സങ്കടക്കടലിൽനിന്ന് റഹീം വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. അഫാന്‍റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. വല്ല്യുമ്മ സൽമാബീവിയോട് ഒരുവാക്കുപോലും സംസാരിക്കാൻ നിൽക്കാതെ തലയ്ക്കടിച്ചെന്നാണ് മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് വിരോധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് വല്ല്യുമ്മ കുറ്റപ്പെടുത്തുമായിരുന്നത്രെ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. രാവിലെ ഉമ്മയെ ആക്രമിച്ചശേഷം നേരെ വല്ല്യുമ്മയുടെ വീട്ടിൽ പോയത് അതുകൊണ്ടാണ്. ഉമ്മ മരിച്ചെന്നാണ് കരുതിയത്. വല്ല്യുമ്മയുടെ വീട്ടിലെത്തിയ ഉടൻ ചുറ്റികകൊണ്ട് തലക്കടിച്ചു. തുടർന്ന് ഒന്നരപ്പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയംവെച്ച് 74,000 രൂപ വാങ്ങി. 40,000 രൂപ കടം വീട്ടിയശേഷം വാപ്പയുടെ സഹോദരന്റെ വീട്ടിലേക്ക് പോയി.
അഫാന്റെ അറസ്റ്റിനു മുമ്പ് നടന്ന ചോദ്യംചെയ്യലിൽ പാങ്ങോട് സി.ഐയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൊല്ലണമെന്ന ഉദ്ദേശ്യത്തിലാണ് സൽമാബീവിയുടെ വീട്ടിൽ എത്തിയതെന്നും അഫാൻ പറയുന്നു. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തുപറയുമെന്ന് കരുതിയാണ് അവരെ കൊലപ്പെടുത്തിയത്.
സാമ്പത്തിക ബാധ്യതക്കപ്പുറം മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ എസ്.പി കെ.എസ്. സുദർശൻ പറഞ്ഞു. അഫാന്റേത് അസാധാരണ പെരുമാറ്റമാണ്. മനോവിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്യും. ഫർസാനയോട് അഫാന് വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റക്കാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

