വെഞ്ഞാറമൂട് അരുംകൊല: അഞ്ചുപേർക്കും കണ്ണീരോടെ വിട നൽകി നാട്
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ജീവൻ പൊലിഞ്ഞ അഞ്ചുപേർക്കും നാട് കണ്ണീരോടെ വിട നൽകി. പിതൃമാതാവ് സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദാ ബീവി, സുഹൃത്ത് ഫര്‍സാന എന്നിവരുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്.
മൂന്നോടെ പൊലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹങ്ങളില്‍ ഫര്‍സാനയുടേത് മുക്കുന്നൂരുള്ള വീട്ടിലെത്തിച്ചു. ഇവിടെ മൃതദേഹം കാണാന്‍ നാട്ടുകാരും ബന്ധുക്കളും സഹപാഠികളുമുൾപ്പെടെ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു. ഇവരുടെ അന്ത്യോപചാരങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
അഫ്‌സാന്റെ മൃതദേഹം പേരുമല ജങ്ഷനിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. ഇവിടെയും നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ലത്തീഫ്, ഷാഹിദാ ബീവി എന്നിവരുടെ മൃതദേഹങ്ങള്‍ എസ്.എന്‍ പുരത്തുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴും മൃതദേഹം കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും വന്‍ ജനാവലി എത്തി. പിന്നീട് ഫര്‍സാന ഒഴികെ ഉള്ളവരുടെ മൃതദേഹങ്ങള്‍ താഴെ പാങ്ങോട് ജമാഅത്ത് മദ്റസ ഹാളില്‍ വീണ്ടും പൊതുദര്‍ശനത്തിനെത്തിച്ചു. ശേഷം താഴെ പാങ്ങോട് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ല സെക്രട്ടറി വി. ജോയി, ഡി.കെ. മുരളി എം.എല്‍.എ, എ.എ. റഹിം എം.പി, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ ആനാട് ജയന്‍, രമണി പി. നായര്‍, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. അനില്‍ കുമാര്‍, ആനക്കുഴി ഷാനവാസ് തുടങ്ങി വിവിധ കക്ഷിനേതാക്കള്‍ അന്ത്യ ചടങ്ങുകൾക്കെത്തിയിരുന്നു.
അതേസമയം, കേരളത്തെ നടുക്കിയ കൂട്ടക്കൊലയിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലക്കു പിന്നിലെന്നും കരുതുന്നു. അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാതാവ് ഷമിയുടെ മൊഴി കേസിൽ നിർണായകമാണ്. പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

