വക്കാലത്തൊഴിഞ്ഞ് അഫാന്റെ വക്കീൽ; നീക്കം കോൺഗ്രസിന്‍റെ പരാതിയെ തുടർന്ന്
text_fieldsഅഫാനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ വക്കാലത്തിൽനിന്ന് അഡ്വക്കറ്റ് കെ. ഉവൈസ് ഖാൻ ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെ.പി.സി.സിക്ക് പരാതി കിട്ടിയിരുന്നു. വക്കീലിന്‍റെ നീക്കം കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്നും കേസിൽ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് വക്കാലത്തൊഴിഞ്ഞത്.
അതിനിടെ വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ആത്മഹത്യ ശ്രമമാണെന്ന സംശയം ആദ്യം ഉണ്ടായിരുന്നതെങ്കിലും രക്തസമ്മർദം കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ജയിലിൽ കഴിഞ്ഞപ്പോൾ അഫാൻ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ മറ്റൊരു മാനസിക നിലയിലാണുള്ളതെന്ന് ജയിലുദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലിൽ പാർപ്പിച്ചത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിക്കുകയും ബ്ലോക്കിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. അതിനാൽ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക.
ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ മാതാവ്, സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ. ആഭരണം പണയം വെച്ചത്, ആയുധം-വിഷം-മദ്യം എന്നിവ വാങ്ങിയത്, ഓട്ടോയിൽ സഞ്ചരിച്ചതുമെല്ലാം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.