വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു
text_fieldsഅഫാൻ, പിതാവ് റഹീം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു. കൊലക്ക് കാരണമായെന്ന് പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് റഹീമിനെ ചോദ്യം ചെയ്തത്. അന്വേഷണസംഘം മൂന്ന് മണിക്കൂർ നേരമാണ് റഹീമിനെ ചോദ്യംചെയ്തത്. റഹീമിൽനിന്ന് വെള്ളിയാഴ്ചതന്നെ പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അഫാൻ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീമിന്‍റെ പ്രതികരണം. കുറച്ചുകാലമായി നാട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചില്ല. പാങ്ങോട് സി.ഐയോടാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ വിശദമായി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു. മറികടക്കാവുന്ന സാമ്പത്തികപ്രശ്നങ്ങളേ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂവെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വിദേശത്തേക്ക് പണം അയച്ച് നൽകിയിട്ടില്ല. സംഭവത്തിന് ഒരാഴ്ച മുൻപും മകനുമായി സംസാരിച്ചിരുന്നുവെന്നും റഹീം വ്യക്തമാക്കി. അതേസമയം അഫാനെ കസ്റ്റഡിയിൽ ലഭിക്കാനായി നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

