വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും.
സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. അതിനാൽ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക. ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ.
മാത്രമല്ല, ആഭരണം പണയം വെച്ചത്, ആയുധം-വിഷം-മദ്യം എന്നിവ വാങ്ങിയത്, ഓട്ടോയിൽ സഞ്ചരിച്ചതുമെല്ലാം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിലാണ്. കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെഞ്ഞാറമൂട്, പാങ്ങോട്, കിളിമാനൂർ സി.ഐമാരുടെ യോഗം ചേർന്നിരുന്നു. സാമ്പത്തിക ബാധ്യതകളാണ് കൂട്ടക്കൊലക്ക് പ്രേരണയായതെന്ന മൊഴിയിലാണ് അഫാൻ ഉറച്ചുനിൽക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ എന്തുകൊണ്ട് ഇത്രയധികം കടമുണ്ടായെന്ന കാര്യത്തിൽ വ്യക്തത വരൂ.
കടക്കണിയിൽ നിൽക്കുമ്പോൾ ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബൈക്ക് വാങ്ങിയിരുന്നു. അഫാന് പറയുന്നതുപോലെയുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനില്ലെന്നായിരുന്നു പിതാവിന്റെ മൊഴി. ഇതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില് വീണ്ടും അവ്യക്തത വന്നത്. 15 ലക്ഷം രൂപയുടെ കടമാണുള്ളതെന്നും അത് താന് തന്നെ പരിഹരിക്കുമായിരുന്നെന്നുമാണ് റഹീം പറഞ്ഞത്. പണം നൽകാനുള്ളവരുടെ മൊഴി ഇതിനകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാതാവ് ഷെമി മരിച്ചിട്ടുണ്ടെന്ന ചിന്തയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന് തലേദിവസം പണത്തെ ചൊല്ലി അഫാനും ഉമ്മ ഷെമിയും തമ്മിൽ വീട്ടിൽ തർക്കമുണ്ടായി. പിറ്റേദിവസം 2000 രൂപ വേണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച അഫാൻ ഉമ്മയുടെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു.
ഷെമിയുടെ തലപൊട്ടി ബോധരഹിതയായി. ഉമ്മ മരിച്ചെന്നു തെറ്റിധരിച്ചാണ് മറ്റുള്ളവരെയും കൊല്ലാൻ തീരുമാനിച്ചത്. ഒറ്റയടിക്ക് തന്നെ ജീവൻ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നും അന്വേഷണസംഘം പറയുന്നു. അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗ്ൾ സേർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.