വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ശുചിമുറിയിൽ കുഴഞ്ഞുവീണു
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസ് പ്രതി അഫാൻ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. ഇന്ന് രാവിലെയാണ് സ്റ്റേഷൻ സെല്ലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണത്. ഇയാളെ കല്ലറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമാണെന്ന സംശയം ആദ്യം ഉണ്ടായിരുന്നതെങ്കിലും രക്തസമ്മർദം കുറഞ്ഞതാണെന്ന് ഡോക്ടർ പറഞ്ഞു. ജയിലിൽ കഴിഞ്ഞപ്പോൾ അഫാൻ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ മറ്റൊരു മാനസിക നിലയിലാണുള്ളതെന്ന് ജയിലുദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലിൽ പാർപ്പിച്ചത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിക്കുകയും ബ്ലോക്കിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. .
പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. ആശുപത്രയിൽനിന്ന് ഇറങ്ങിയാൽ പാങ്ങോട് പൊലീസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും.
സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. അതിനാൽ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക.
ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ മാതാവ്, സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ. ആഭരണം പണയം വെച്ചത്, ആയുധം-വിഷം-മദ്യം എന്നിവ വാങ്ങിയത്, ഓട്ടോയിൽ സഞ്ചരിച്ചതുമെല്ലാം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ്.
പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിലാണ്. കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെഞ്ഞാറമൂട്, പാങ്ങോട്, കിളിമാനൂർ സി.ഐമാരുടെ യോഗം ചേർന്നിരുന്നു. സാമ്പത്തിക ബാധ്യതകളാണ് കൂട്ടക്കൊലക്ക് പ്രേരണയായതെന്ന മൊഴിയിലാണ് അഫാൻ ഉറച്ചുനിൽക്കുന്നത്.
പ്രതിയുടെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയാറാക്കിയിരുന്നു. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസിക പരിശോധനകൾ നടത്തുക. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണ പെരുമാറ്റമെന്നാണ് വിലയിരുത്തൽ. കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെ പോലെയായിരുന്നു അഫാന്റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്‍റെ മാനസിക നില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചത്.
കടക്കണിയിൽ നിൽക്കുമ്പോൾ ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബൈക്ക് വാങ്ങിയിരുന്നു. അഫാന് പറയുന്നതുപോലെയുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനില്ലെന്നായിരുന്നു പിതാവിന്റെ മൊഴി. ഇതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില് വീണ്ടും അവ്യക്തത വന്നത്. 15 ലക്ഷം രൂപയുടെ കടമാണുള്ളതെന്നും അത് താന് തന്നെ പരിഹരിക്കുമായിരുന്നെന്നുമാണ് റഹീം പറഞ്ഞത്. പണം നൽകാനുള്ളവരുടെ മൊഴി ഇതിനകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാതാവ് ഷെമി മരിച്ചിട്ടുണ്ടെന്ന ചിന്തയിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മറ്റുള്ളവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് തലേദിവസം പണത്തെ ചൊല്ലി അഫാനും ഉമ്മ ഷെമിയും തമ്മിൽ വീട്ടിൽ തർക്കമുണ്ടായി. പിറ്റേദിവസം 2000 രൂപ വേണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച അഫാൻ ഉമ്മയുടെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു.
ഷെമിയുടെ തലപൊട്ടി ബോധരഹിതയായി. ഉമ്മ മരിച്ചെന്നു തെറ്റിധരിച്ചാണ് മറ്റുള്ളവരെയും കൊല്ലാൻ തീരുമാനിച്ചത്. ഒറ്റയടിക്ക് തന്നെ ജീവൻ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്നും അന്വേഷണസംഘം പറയുന്നു. അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗ്ൾ സേർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്.
അതിനിടെ, ഇളയ മകൻ അഫ്സാന്‍റെ മരണവിവരം മാതാവ് ഷെമിയെ ഇന്നലെ അറിയിച്ചു. മകന്‍റെ മരണവിവരം അറിയിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും ആ കരച്ചിൽ കാണാനുള്ള ശേഷി തനിക്കില്ലെന്നും ഭർത്താവ് റഹീം അറിയിച്ചതിനെ തുടർന്ന് സൈക്യാട്രി ഡോക്ടർമാരാണ് സംഭവം നടന്ന് 11ദിവസത്തിനു ശേഷം ഷെമിയെ വിവരമറിയിച്ചത്.
മകന്‍റെ മരണവിവരമറിഞ്ഞ സമയം മുതൽ വൈകാരിക നിമിഷങ്ങളായിരുന്നു ഗോകുലം മെഡിക്കൽ കോളജിലെ ഐ.സിയുവിൽ അരങ്ങേറിയത്. മരണവിവരമറിയിക്കുമ്പോൾ ഭർത്താവ് റഹീമും സൈക്യാട്രിക് വിഭാഗം ഡോക്ടർമാർക്കൊപ്പമുണ്ടായിരുന്നു. ഇളയ മകനെ തിരക്കിയ ഷെമിയോട് മകന്‍റെ വിയോഗ വാർത്ത വളരെ പതിഞ്ഞ സ്വരത്തിലാണ് ഡോക്ടർമാർ അറിയിച്ചത്. വിവരമറിഞ്ഞതും ‘എന്‍റെ മകൻ പോയി അല്ലേ’ എന്ന് നിലവിളിക്കുകയായിരുന്നു ഷെമി. കൂടെയുണ്ടായിരുന്ന ഭർത്താവ് റഹീമും സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
‘മകൻ ഇല്ലാതെ ഇനി താൻ എന്തിന് ജീവിക്കണം’ എന്ന് പറഞ്ഞ് ഷെമി വിങ്ങിപ്പൊട്ടി. നിസ്സഹായരായ മാതാപിതാക്കളുടെ കരച്ചിൽ ഐ.സിയുവിൽ മുഴങ്ങിയതോടെ, ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും പുറത്തുനിന്ന ബന്ധുക്കളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അഫ്സാൻ എങ്ങനെയാണ് മരിച്ചതെന്നോ മറ്റു കുടുംബാംഗങ്ങളുടെ മരണങ്ങളോ ഷെമിയെ ഡോക്ടർമാർ അറിയിച്ചിട്ടില്ല. മറ്റ് മരണങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കും. സംഭവിച്ച മുഴുവൻ കാര്യങ്ങളും ഒരുദിവസം കൊണ്ട് അറിഞ്ഞാൽ അത് ഷെമിക്ക് താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് മകന്‍റെ മരണവിവരം മാത്രം ആദ്യം അറിയിച്ചത്.
മകന്‍റെ മരണവിവരം അറിഞ്ഞശേഷം ഷെമിയുടെ ആരോഗ്യനില ഡോക്ടർമാർ അടങ്ങുന്ന സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. ഭർത്താവ് റഹീമാണ് ഷെമിക്ക് കൂട്ടായി കഴിഞ്ഞദിവസം മുതൽ ആശുപത്രിയിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.