ചോരമണമുള്ള നാട്: ഒറ്റ രാത്രികൊണ്ട് എന്താണ് സംഭവിച്ചത്, ഇങ്ങനെയൊരു അഫാനെ ആർക്കുമറിയില്ല
text_fields1. പുല്ലമ്പാറയിലെ ലത്തീഫിന്റെ വീട്ടിൽ ഐ.ജി എസ്. ശ്യാംസുന്ദറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു, 2. ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിൽ
പൊതുദർശനത്തിന് വെച്ചപ്പോൾ വിതുമ്പുന്ന സുഹൃത്തുക്കൾ
തിരുവനന്തപുരം: ചോരയുടെ മണമുള്ള നാടാണിത്. ഒറ്റ രാത്രികൊണ്ട് എന്താണ് സംഭവിച്ചതെന്നുപോലും അറിയാത്ത അവസ്ഥയിലായിരുന്നു വെഞ്ഞാറമൂട് പേരുമല നിവാസികൾ. മണിക്കൂറുകൾകൊണ്ട് സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന വാർത്തകേന്ദ്രമായി പേരുമല പേരെടുക്കുന്നു. പ്രണയിനിയെയും 13കാരനായ സഹോദരനെയുമടക്കം കുടുംബത്തിലെ അഞ്ചുപേരെ ചുറ്റികകൊണ്ട് അടിച്ചുകൊന്നശേഷം ഒരു കൂസലുമില്ലാതെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഫാനെന്ന ചെറുപ്പക്കാരനിലൂടെ. ഇങ്ങനെയൊരു അഫാനെ ആർക്കുമറിയില്ല.
വീടുകളും വ്യാപാരസ്ഥാപനങ്ങളും തൊട്ട് തൊട്ടിരുന്ന അഫാന്റെ വീട്ടിൽ സഹോദരനെയും പ്രണയിനിയെയും മാതാവിനെയും ക്രൂരമായി ആക്രമിച്ചിട്ടും ഒരു നിലവിളി ശബ്ദംപോലും കേട്ടില്ലെന്നത് ഒരു മതിലിനപ്പുറമുള്ള അയൽക്കാരെപ്പോലും ഞെട്ടിച്ചു. പൊലീസും ആംബുലൻസും എത്തിയപ്പോഴാണ് അയൽക്കാരും വീടിന് മുന്നിലുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരും കൊലപാതകവിവരം അറിയുന്നത്.
അഫാനെ പറ്റി നാട്ടിലെ ഒരാൾക്കുപോലും മോശം അഭിപ്രായമുണ്ടായിരുന്നില്ല. വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി അനാവശ്യ സൗഹൃദങ്ങളിലേക്ക് തലവെക്കാതെ ജീവിച്ച അഫാൻ ഒറ്റദിവസം കൊണ്ട് സ്വന്തം രക്തത്തിലെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പലർക്കും വിശ്വസിക്കാൻ പാടായിരുന്നു.
ആരുമായും അടുത്തിടപഴകാത്ത അഫാനെ പറ്റി കൂടുതലൊന്നും ആ രാത്രി ആർക്കും അറിയില്ലായിരുന്നു. രാത്രിയോടെ ചാനൽ കാമറകളും മാധ്യമപ്രവർത്തകരും പേരുമലയെ പൊതിഞ്ഞതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രാദേശിക നേതാക്കളും യുവജന സംഘടന പ്രവർത്തകരും സാമുദായിക നേതാക്കളും സംഭവസ്ഥലത്തേക്ക് എത്തി. പക്ഷേ ആർക്കും കൊലപാതകത്തിന് കാരണം എന്തെന്ന് മാത്രം അറിവുണ്ടായിരുന്നില്ല
ചിലർ പൊടിപ്പും തൊങ്ങലുമുള്ള കഥകൾ മെനഞ്ഞു. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ സിനിമ കണ്ട് അനുകരിച്ചതാണെന്ന് കൊലപാതകവിവരം അറിഞ്ഞെത്തിയ യുവാക്കൾ പറഞ്ഞപ്പോൾ, ചെക്കൻ മയക്കുമരുന്നിനും കഞ്ചാവിനും അടിമയായിരുന്നുവോയെന്ന സംശയം ചില മുതിർന്നവർ പ്രകടിപ്പിച്ചു. അതല്ല കുടുംബത്തിന്റെ കടബാധ്യതയും പ്രണയനൈരാശ്യവുമായിരിക്കാം ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അഫാന്റെ ഉമ്മ ഷെമിയുമായി അടുത്തബന്ധമുള്ള ചില സ്ത്രീകൾ സംശയമുന്നയിച്ചു.
ജീവനപ്പോലെ കൊണ്ടുനടന്ന കുഞ്ഞ് സഹോദരനെ അഫാന് എങ്ങനെ ഇത്ര മൃഗീയമായി കൊലപ്പെടുത്താൻ കഴിഞ്ഞുവെന്ന ചോദ്യമായിരുന്നു പലർക്കും. അഫ്സാന്റെയും കാമുകി ഫർസാനെയുടെയും മൃതദേഹം കണ്ട പലരും അത് സുഹൃത്തുക്കൾക്ക് മുന്നിൽ ഓർത്തെടുത്തപ്പോൾ വേദനകൊണ്ട് പൊട്ടിക്കരഞ്ഞു. അഫാനും ഫർസാനയുമായുള്ള പ്രണയബന്ധം ഷെമി വർഷങ്ങളായി അടുപ്പമുള്ള സുഹൃത്തുകളുമായി പോലും പങ്കുവെച്ചിരുന്നില്ല.
രാത്രി 10.30ഓടെ ജില്ല റൂറൽ പൊലീസ് മേധാവി സുദർശൻ കൊലപാതക പരിസരം സന്ദർശിക്കുന്നുവെന്ന വിവരം പുറത്തുവന്നതോടെ പ്രദേശം ജനനിബിഡമായി. ഗതാഗതം നിയന്ത്രിക്കാൻതന്നെ പൊലീസ് ഏറെ ബുദ്ധിമുട്ടി.
‘8 ജെ’ യിൽ ഇനി ആ പുഞ്ചിരി വിടരില്ല; പരീക്ഷ നടക്കും, അഫ്സാൻ വരില്ല
തിരുവനന്തപുരം: തിങ്കളാഴ്ച പരീക്ഷയുണ്ടായിരുന്നു. ഇനിയുള്ളത് 28 നാണ്. ആ പരീക്ഷയെഴുതാൻ പക്ഷേ, അഫ്സാൻ വരില്ല. സഹോദരന്റെ ക്രൂരതക്കിരയായി ജീവൻ പൊലിഞ്ഞ കുരുന്നിനെയോർത്ത് കണ്ണീരണിയുകയാണ് അധ്യപികമാരും സഹപാഠികളും. തിങ്കളാഴ്ച വൈകീട്ട് പരീക്ഷയും കഴിഞ്ഞ് സന്തോഷത്തോടെയാണ് അവൻ വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ, നേരം പുലരുമ്പോഴേക്കും ആദരാഞ്ജലി നേർന്നുള്ള ബോർഡാണ് സ്കൂൾ കവാടത്തിലുയർന്നത്. വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 8 ജെ ക്ലാസ് മുറി ഇപ്പോൾ പരീക്ഷക്കായി റോൾ നമ്പറെഴുതി മുഖം മാറിയിട്ടുണ്ടെങ്കിലും എല്ലാവരുടെയും മനസ്സിൽ അഫ്സാന്റെ ചിരിക്കുന്ന മുഖമാണ്. തന്റെ ക്ലാസിൽ ഇനിയാ പുഞ്ചിരി നിറയില്ലെന്ന് വിശ്വസിക്കാൻ ക്ലാസ് അധ്യാപിക സ്മിതക്ക് കഴിയുന്നില്ല. വലിയ ബഹളങ്ങളില്ല. എല്ലാവരോടും സൗഹൃദം. എപ്പോഴും ചിരിക്കുന്ന മുഖം. അലർജിയുടെ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചില ദിവസങ്ങളിൽ അവധിയെടുക്കും. ആ ദിവസങ്ങളിൽ ഉമ്മ ഫോണിൽ വിളിച്ച് അവധി പറയും.
ചൊവ്വാഴ്ച സ്കൂളിൽ ഐ.ടി ഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പ്രോഗ്രാം ചാർജുള്ളതുകൊണ്ട് മുന്നൊരുക്കങ്ങൾ കാരണം താനും മറ്റു മൂന്ന് അധ്യാപികമാരും വൈകീട്ട് ആറരയോടെയാണ് സ്കൂളിൽ നിന്ന് പോയതെന്ന് സ്മിത ടീച്ചർ പറയുന്നു. വീട്ടിലെത്തിയശേഷം ചൊവ്വാഴ്ചയിലെ പരിപാടിക്ക് പങ്കെടുക്കാനുള്ള കുട്ടികൾക്കെല്ലാം സന്ദേശമയച്ചു. അപ്പോഴാണ് സ്കൂളിൽ നിന്ന് മറ്റൊരു അധ്യാപകൻ വിളിച്ച് വിവരം പറയുന്നത്. കുട്ടിയുടെ പഴയ ഒരു ഫോട്ടോയാണ് അയച്ചു കിട്ടിയത്. തിരിച്ചറിയാൻ ആദ്യമൊന്ന് പ്രയാസപ്പെട്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയായിരുന്നെന്നും കണ്ണീരടക്കാനാകാതെ സ്മിത പറഞ്ഞ് പൂർത്തിയാക്കുന്നു.
വൈകീട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം അനിയനെയും കൂട്ടി അഫാൻ ബൈക്കിൽ പുറത്തേക്ക് പോയത് കണ്ടതായി സമീപവാസി പറയുന്നു. അരമണിക്കൂറിനു ശേഷം അനിയൻ അഫ്സാൻ ഒറ്റക്ക് ഓട്ടോയിലാണ് തിരിച്ചുവന്നത്. ഏകദേശം അഞ്ചരമണിയായിട്ടുണ്ടാകും. കൈയിൽ ഒരു കവറുണ്ടായിരുന്നു. ഇഷ്ട ഭക്ഷണമായ കുഴിമന്തി ജ്യേഷ്ഠൻ വാങ്ങി നൽകിയതാകാം. പിന്നീട്, പൊലീസ് ജീപ്പ് അങ്ങോട്ട് കയറി പോകുന്നതാണ് പരിസരവാസികൾ കാണുന്നത്. അനിയന്റെ തോളിൽ കൈയിട്ട് കുശലം പറഞ്ഞ് നടന്നുപോകുന്ന സഹോദരങ്ങളെയാണ് കണ്ടിട്ടുതെന്നാണ് പരിസരവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

