തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന ഇരുട്ട് അജിത്താണ് പിടിയിലായത്. ഇതോടെ കേസിൽ പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി. കോൺഗ്രസ് ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
തേമ്പാംമൂട് മദപുരത്തായിരുന്നു ഇരട്ടക്കൊലപാതകം. ഡി.വൈ.എഫ്.ഐ കലിങ്ങിൻമുഖം യൂനിറ്റ് പ്രസിഡൻറ് ഹഖ് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോയിൻറ് സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ഞായറാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊലപാതകത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന ഷജിത്ത് ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലുള്ളത്. ഷജിത്തിനെ വീട് വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രദേശത്തെ സി.സി.ടി.വി കാമറകൾ തിരിച്ചു വെച്ചിരുന്നതായും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് സമീപത്തെ കെട്ടിടങ്ങളിലെ കാമറകളാണ് തിരിച്ചുവെച്ചത്.
പ്രദേശത്ത് രണ്ട് മാസം മുമ്പ് സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. നെഞ്ചിൽ കുത്തേറ്റ മിഥ്ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ എത്തിയത്. ഒരു ബൈക്ക് തേംമ്പാംമൂട് ഭാഗത്തു നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
വികാരനിർഭരമായി വിലാപയാത്ര, ഹൃദയം േചർത്ത് വിട
തിരുവനന്തപുരം/വെഞ്ഞാറമൂട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.െഎ പ്രവർത്തകരുടെ മൃതദേഹവുമായുള്ള വിലാപയാത്ര വൈകാരികമായി. പോസ്റ്റ്മോർട്ടത്തിനുശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് മൃതദേഹങ്ങൾ വെഞ്ഞാറമൂട്ടിലേക്ക് കൊണ്ടുവന്നത്. വികാരനിർഭരമായ മുദ്രാവാക്യങ്ങളാണ് വിലാപയാത്രയിലാകെ മുഴങ്ങിയത്. ഒാണാഘോഷമെല്ലാം ഒഴിവാക്കി, പലയിടങ്ങളിലും പ്രവർത്തകർ പ്രിയ സഖാക്കൾക്ക് അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. െവഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ പതിനൊന്നോെടയാണ് തിരുവനന്തപുരം മെഡിക്കൽ േകാളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നേരത്തേ നിശ്ചയിച്ചിരുന്നില്ലെങ്കിലും വെമ്പായത്ത് പ്രവർത്തകരുടെ ആവശ്യം പരിഗണിച്ച് അൽപേനരം മൃതദേഹം വഹിച്ചുള്ള വാഹനം നിർത്തി അന്ത്യോപചാരത്തിന് സൗകര്യമൊരുക്കി. തുടർന്ന്, വെഞ്ഞാറമൂട് എരിയ കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് ഏഴോടെ മിഥിലാജിെൻറ മൃതദേഹം വെമ്പായം ജമാഅത്ത് ഖബര്‍സ്ഥാനിലും ഹഖ് മുഹമ്മദിെൻറ മൃതദേഹം പേരുമല ജമാഅത്ത് ഖബർസ്ഥാനിലും ഖബറടക്കി.
മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലന്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് കൃഷ്ണന് നായര്‍, ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ആശുപത്രിയിലും മന്ത്രിമാരായ ഇ.പി. ജയരാജന്, കടകംപള്ളി സുരേന്ദ്രന്, എം.എല്‍.എമാരായ ഡി.കെ. മുരളി, കെ. അന്‍സലന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ്, തുടങ്ങിയവര്‍ മരിച്ചവരുടെ വീടുകളിലുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.