ഒരാളെ കൊലപ്പെടുത്തിയെന്ന് വേങ്ങര സ്വദേശിയുടെ മൊഴി, 39 വർഷത്തിനു ശേഷം കൊല്ലപ്പെട്ട ആൾക്കായി അന്വേഷണം
text_fieldsമൃതദേഹം കിടന്നിരുന്ന കൂടരഞ്ഞിയിലെ തോട് ഇപ്പോൾ
തിരുവമ്പാടി: മലപ്പുറം വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, 1986 ഡിസംബറിൽ അവസാനിപ്പിച്ച കേസിൽ തിരുവമ്പാടി പൊലീസിന്റെ പുനരന്വേഷണം. സ്വഭാവിക മരണമായിക്കണ്ട് അവസാനിപ്പിച്ച സംഭവത്തിലാണ് പൊലീസ് കൊലപാതക കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വേങ്ങര സ്വദേശി മുഹമ്മദാലിയാണ് (54) താൻ കൊല നടത്തിയതായി പറഞ്ഞ് പൊലീസിൽ കീഴടങ്ങിയത്. 1986ൽ കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തന്നെ അക്രമിക്കാൻ ശ്രമിച്ച യുവാവിനെ ചവിട്ടി തോട്ടിൽ വീഴ്ത്തിയെന്നാണ് മുഹമ്മദാലി പൊലീസിൽ മൊഴി നൽകിയത്.
39 വർഷം മുമ്പ് കൂടരഞ്ഞിയിലെ തോട്ടിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിയാനുള്ള ശ്രമകരമായ അന്വേഷണത്തിലാണ് തിരുവമ്പാടി പൊലിസ്. കീഴടങ്ങിയതിനെ തുടർന്ന് റിമാൻഡിലായ മുഹമ്മദാലിയെ സംഭവം നടന്ന കൂടരഞ്ഞി കരിങ്കുറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും മരിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനാൽ അജ്ഞാത മൃതദേഹമായി സംസ്കരിച്ചിരുന്നു. കരിങ്കുറ്റി മലയോര ഹൈവേക്ക് സമീപത്തെ വയൽ പ്രദേശമായിരുന്ന സ്ഥലത്തെ തോട് മുഹമ്മദാലി പൊലീസിന് കാണിച്ചുകൊടുത്തു. മരിച്ചയാൾ പാലക്കാട് സ്വദേശിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തോട്ടിൽ അഴുകിയ മൃതദേഹം കണ്ടിരുന്നതായി അന്ന് 27 വയസ്സുണ്ടായിരുന്ന പ്രദേശവാസിയായ വേലായുധൻ പറഞ്ഞു.
തന്റെ 14ാം വയസ്സിൽ നടന്ന കൊലപാതകത്തിൽ കുറ്റസമ്മതം നടത്താൻ പ്രേരണയായത് കടുത്ത കുറ്റബോധം കാരണമുള്ള കടുത്ത മനഃക്ലേശമാണെന്നാണ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും ഇയാൾക്ക് കൂടുതൽ അസ്വസ്ഥത സൃഷ്ടിച്ചത്രെ.
തിരുവമ്പാടി എസ്.എച്ച്.ഒ കെ. പ്രജീഷാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിന് തലവേദനയായേക്കാവുന്ന കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശാനുസരണമായിരിക്കും അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

