വേങ്ങര ലീഗിന് തന്നെ; ഖാദറിന് 23,310 വോട്ട് ഭൂരിപക്ഷം
text_fieldsതിരൂരങ്ങാടി: മണ്ഡല രൂപവത്കരണ ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും വേങ്ങരയിൽ യു.ഡി.എഫിന് വിജയം. മുസ് ലിം ലീഗിന്‍റെ അഡ്വ. കെ.എൻ.എ. ഖാദർ 23310 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 65227 വോട്ട് ഖാദർ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീർ 41917 വോട്ട് പിടിച്ച് രണ്ടാം സ്ഥാനത്തെത്തി. 2016ൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ 34124 വോട്ടാണ് ലഭിച്ചത്.

എസ്.ഡി.പി.ഐയുടെ അഡ്വ. കെ.സി. നസീർ 8648ഉം ബി.ജെ.പിയുടെ കെ. ജനചന്ദ്രൻ മാസ്റ്റർ 5728 ഉം വോട്ടുകൾ നേടി മൂന്നും നാലും സ്ഥാനത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 7055 ഉം എസ്.ഡി.പി.ഐ 3049ഉം വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ ബി.ജെ.പിയെ പിന്നിലാക്കി എസ്.ഡി.പി.ഐ മൂന്നാം സ്ഥാനം പിടിച്ചു.

ലീഗ് വിമതനായി മത്സരിച്ച എസ്.ടി.യു നേതാവ് അഡ്വ. ഹംസ കരുമണ്ണിലിന് 442ഉം സ്വാഭിമാൻ പാർട്ടിക്ക് വേണ്ടി സ്വതന്ത്രനായി മത്സരിച്ച ശ്രീനിവാസിന് 159ഉം വോട്ടുകൾ നേടി. നോട്ടക്ക് 502 ലഭിച്ചു. ഇത്തവണ 72.12 ശതമാനമായിരുന്നു ആകെ പോളിങ്. വേങ്ങര മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന 2011, 2016 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്. 2011ൽ 38237ഉം 2016ൽ 38057ഉം വോട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. 2014, 2017 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 42632ഉം 40,529ഉം വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു.

രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ വോെട്ടണ്ണൽ ആരംഭിച്ചു. 8.15ഒാടെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ തന്നെ ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദർ മുന്നേറി തുടങ്ങി. ഇടക്ക് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഒരിക്കൽ പോലും ഖാദറിനെ മറി കടക്കാൻ ബഷീറിന് സാധിച്ചില്ല. എന്നാൽ, എസ്.ഡി.പി.ഐയും ബി.ജെ.പിയും തമ്മിലുള്ള വോട്ട് ഉയർച്ചയും തകർച്ചയും 100 മീറ്റർ ഒാട്ടം പോലെ വോട്ടർമാരിൽ ജിജ്ഞാസ വർധിപ്പിച്ചു.

ഒമ്പത് മണിയോടെ ഖാദർ ഭൂരിപക്ഷം ഉയർത്തി വിജയത്തിലേക്ക് മുന്നേറുന്നതായി വാർത്തകൾ വന്നു. പത്തേകാലോടെ 23310 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഖാദറിന്‍റെ വിജയ പ്രഖ്യാപനം നടന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഗ്, സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവർത്തകർ കൗണ്ടിങ് സ്റ്റേഷന് മുൻപിൽ മുദ്രാവാക്യം വിളിച്ച് നില ഉറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
