വെള്ളത്തൂവൽ സ്റ്റീഫൻ: ഓർമയായത് നക്സൽ പ്രസ്ഥാനത്തിന്റെ ഇടിമുഴക്കം; സമരനായകനിൽ നിന്നും സുവിശേഷകനിലെത്തിയ ജീവിതം
text_fieldsവെള്ളത്തൂവൽ സ്റ്റീഫൻ തയ്യൽ ജോലിക്കിടെ
തൊടുപുഴ: വെള്ളത്തൂവൽ സ്റ്റീഫൻ വിടവാങ്ങുമ്പോൾ ഓർമയാകുന്നത് നക്സൽ പ്രസ്ഥാനത്തിന്റെ പഴയകാല കണ്ണികൂടിയാണ്. കോട്ടയം കങ്ങഴയിൽനിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ ചുണ്ടമണ്ണിൽ വെള്ളത്തൂവൽ സ്കറിയയുടെ മക്കളിൽ മൂന്നാമനാണ് സ്റ്റീഫൻ. കമ്യൂണിസ്റ്റുകാരനായും നക്സൽ നേതാവായും തയ്യൽകാരനായും പിന്നീട് സുവിശേഷകനായുമുള്ള സ്റ്റീഫന്റെ ജീവിതം കൗതുകം ഉണർത്തുന്നതാണ്.
സ്റ്റീഫന്റെ മനസ്സിലേക്ക് രാഷ്ട്രീയ ചിന്തകൾ കടന്ന് വരുന്നത് പിതാവ് സ്കറിയയുടെ മടിയിലിരുന്ന് കേട്ട സംഭവ കഥകളിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു സ്കറിയ. വെള്ളത്തൂവൽ ഹൈസ്കൂളിലെ പഠനനാളുകളിൽ തന്നെ സ്റ്റീഫൻ സ്റ്റുഡന്റ് ഫെഡറേഷൻ രൂപവൽക്കരിക്കാൻ നേതൃത്വം നൽകി. 14 വയസ്സുള്ളപ്പോൾ പാർട്ടി യോഗങ്ങളിലും സമ്മേളനങ്ങളിലും സജീവമായി. 1970കളിൽ സജീവമായ നക്സൽ രാഷ്ട്രീയത്തിൽ എത്തിയവരിലേറെയും സി.പി.എമ്മിൽ നിന്നായിരുന്നുവെങ്കിൽ സ്റ്റീഫൻ പോയത് സി.പി.ഐയിൽനിന്നാണ്. പാർട്ടി പിളർന്നപ്പോൾ സ്റ്റീഫൻ സി.പി.ഐയിലും പിതാവ് സി.പി.എമ്മിലുമായി. താൻ ഔദ്യോഗിക പക്ഷത്താണെന്നും അവർ പാർട്ടി വിട്ടുപോയവരാണെന്നുമാണ് ഈ കാര്യത്തിൽ സ്റ്റീഫന്റെ നിലപാട്.
വെള്ളത്തൂവലിൽ ബീഡിതെറുപ്പിനായി കണ്ണൂരിൽനിന്ന് വന്നവരാണ് സ്റ്റീഫന്റെ രാഷ്ട്രീയം മാറ്റിമറിച്ചത്. അക്കാലത്തെ നക്സൽ നേതാവ് കുന്നിക്കൽ നാരായണൻ വെള്ളത്തൂവലിലെത്തി നടത്തിയ പ്രവർത്തനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. സ്റ്റീഫനും നാരായണനുമായി അടുപ്പമായി. അങ്ങനെയാണ് തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായത്. പിന്നീടാണ് എ.വർഗീസിനൊപ്പം വയനാട്ടിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചത്.
1970ൽ നടന്ന വെള്ളത്തൂവൽ ആക്ഷന് നേതൃത്വം നൽകിയത് സ്റ്റീഫനാണ്. വിമുക്ത ഭടനും കല്ലാർകുട്ടി മാങ്കടവ് എസ്റ്റേറ്റ് ഉടമയും വെള്ളത്തൂവൽ പഞ്ചായത്ത് അംഗവുമായ കുന്നുംപുറത്ത് പുത്തൻപുരക്കൽ പി.എം. ജോസഫിനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവം അന്ന് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് ചികിത്സിക്കാനായി എറണാകുളത്തേക്ക് കൊണ്ടുവന്നത്. കുമ്പളങ്ങിയിൽ ഒളിവിൽ കഴിയവെയായിരുന്നു അറസ്റ്റ്.
1971 ഏപ്രിൽ അഞ്ചിന് അറസ്റ്റ് ചെയ്യുമ്പോൾ 18 കേസുകളുണ്ടായിരുന്നു. പ്രധാന കേസുകളിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. 1971 മുതൽ 82 വരെ പരോളില്ലാതെ ജയിലിൽ. ഇതിനിടെ വായിക്കാനുള്ള അവകാശത്തിനായി 18 ദിവസം നിരാഹാരസമരം. ഈ കാലത്ത് നോവലുകളും അനുഭവക്കുറിപ്പുമായി ആറിലധികം പുസ്തകങ്ങളെഴുതി. ജയിൽമോചിതനായ ശേഷം സ്റ്റീഫൻ ആത്മീയതയിലേക്ക് ചേക്കേറി.
നേരത്തെ പഠിച്ച തുന്നൽ തൊഴിലായി സ്വീകരിച്ചു. ഇതിനിടെ വിവാഹം നടന്നു. ഇടുക്കി ചേലച്ചുവടിലേക്ക് താമസം മാറി. അവിടെ തയ്യൽക്കട തുടങ്ങി. സംസ്ഥാനത്തുടനീളം സുവിശേഷകനായി സഞ്ചരിച്ചു. ചേലച്ചുവടിലെ വീട്ടിൽ തനിച്ച് കഴിയവേയാണ് അർബുദം ബാധിച്ചത്. മരുമകൻ ടിജോയുടെ നാടായ വടാട്ടുപാറയിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുമ്പോഴാണ് അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

