വെള്ളാപ്പള്ളിയുടെ അയോഗ്യത ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം.എൻ. സോമൻ എന്നിവരടക്കം ഡയറക്ടർ ബോർഡിനെ അയോഗ്യരാക്കിയ സിംഗിൾബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻബെഞ്ചിന്‍റെ സ്റ്റേ. വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്‍റുമായ തുഷാർ വെള്ളാപ്പള്ളിയും നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
വിശദവാദത്തിന് ഹരജി ജൂണിലേക്ക് മാറ്റി. അതേസമയം, അപ്പീൽ ഹരജിക്കാരടക്കം ഡയറക്ടർ ബോർഡ് അംഗങ്ങൾ യോഗത്തിലോ മറ്റു കമ്പനികളിലോ തുടരുന്നത് ഹരജിയിലെ അന്തിമ തീർപ്പിന് വിധേയമാണെന്ന് കോടതി വ്യക്തമാക്കി. യോഗം ഭരണസമിതി തുടർച്ചയായ മൂന്നുവർഷം വരവുചെലവ് കണക്കുകൾ സമർപ്പിക്കാത്തതും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡൻഫിക്കേഷൻ നമ്പർ (ഡി.ഐ.എൻ-ഡിൻ) ഇല്ലാത്തതും കണക്കിലെടുത്താണ് സിംഗിൾബെഞ്ച് വെള്ളാപ്പള്ളി നടേശൻ അടക്കമുളളവരെ അയോഗ്യരാക്കി മാർച്ച് 12ന് ഉത്തരവ് പുറപ്പെടുവിച്ചത്.
കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം 2020ൽ മുൻവർഷങ്ങളിലെ കണക്കുകൾ ഒരുമിച്ച് സമർപ്പിച്ച് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്‍റെ അംഗീകാരം നേടിയെന്ന വാദം ഹരജിക്കാർ ഉയർത്തിയിരുന്നു. എന്നാൽ, ‘ഡിൻ’ ചട്ടങ്ങൾക്ക് സംസ്ഥാന സർക്കാർ രൂപംനൽകാത്ത സാഹചര്യത്തിൽ സംസ്ഥാന ‘ഡിൻ’ നേടാൻ നിർവാഹമില്ലെന്ന യോഗം ഭാരവാഹികളുടെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വർഷങ്ങളായി രേഖകൾ ഹൈകോടതിയുടെ കസ്റ്റഡിയിലായിരുന്നതിനാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്ന കാര്യത്തിൽ കമ്പനി രിജിസ്ട്രാർ യോഗത്തിന് ഇളവ് അനുവദിച്ചതിനെ അകാരണമെന്ന് പറയാനാവില്ല. സമയം നീട്ടിനൽകിയതിനും പ്രഥമദൃഷ്ട്യാ മതിയായ ന്യായീകരണമുണ്ട് - കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

