Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി മസ്ജിദ്...

ബാബരി മസ്ജിദ് തകർത്തതിനെ ശക്തമായി എതിര്‍ത്ത് എസ്.എൻ.ഡി.പി തെരുവിലിറങ്ങിയിരുന്നു; ഇതുപലരും മറന്നുപോകുന്നോ എന്ന് സംശയമുണ്ട് -വെള്ളാപ്പള്ളി

text_fields
bookmark_border
Babri Masjid Demolition, Vellappally Natesan
cancel

കോട്ടയം: ബാബരി മസ്ജിദ് തകർത്തതിനെ എസ്.എൻ.ഡി.പി ശക്തമായി എതിര്‍ത്ത് തെരുവിലിറങ്ങിയിരുന്നുവെന്നും ഇത് പലരും മറന്നുപോകുന്നോ എന്ന് സംശയമുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ, പാലാ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിൽ പണ്ട് ബാബരി മസ്ജിദ് പ്രശ്നമുണ്ടായി. അതിനെ എസ്എൻഡിപി ശക്തമായി എതിര്‍ക്കുകയും പള്ളി തകര്‍ത്തത് ശരിയായില്ല എന്ന് പറഞ്ഞ് എസ്എൻഡിപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇതു പലതും മറന്നുപോകുന്നോ എന്ന് സംശയമുണ്ട്. നിലയ്ക്കൽ പള്ളി പണിയണമെന്ന് പറഞ്ഞപ്പോൾ പലരും എതിര്‍ത്തു. പള്ളി പണിയാൻ സ്ഥലം കൊടുക്കണമെന്ന് പറഞ്ഞ് എസ്എൻഡിപി യോഗം പ്രമേയം പാസാക്കി. പള്ളി പണിയാനുള്ള പിൻബലം കൊടുത്ത് പള്ളി അവിടെ പണിയുകയും ചെയ്തു. ഒരു ക്രിസ്ത്യാനിക്കും മുസ്‍ലിമിനും നായര്‍ക്കും എതിരല്ല. മതസൗഹാര്‍ദമാണ് നമ്മുടെ നയം' - വെള്ളാപ്പള്ളി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗമാണെന്നും ജോസഫും കേരളാ കോൺഗ്രസുമെല്ലാം ഭരിച്ചുഭരിച്ച് നമ്മളെ ഇല്ലാതാക്കിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ‘ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ആരാണ്? ക്രിസ്ത്യാനികളാണ്. ഇതാരെയാണ് ചെയ്യുന്നത്. നമ്മളെയും പട്ടികജാതിക്കാരെയും. ക്രിസ്ത്യൻ വിഭാഗക്കാരെല്ലാവരുമാണെന്ന് പറയാനാവില്ല, കത്തോലിക്കരാണെന്നും പറയാനും സാധിക്കില്ല. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണ്’ -വെള്ളാപ്പള്ളി പറഞ്ഞു.

‘അതേസമയത്ത് മുസ്‍ലിംകളിലെ ലൗ ജിഹാദ് അത് ഒറ്റപ്പെട്ട് അവിടെയും ഇവിടെയും മാത്രമാണ്. ക്രിസ്ത്യാനികളുമായി നോക്കുമ്പോൾ മതപരിവര്‍ത്തനത്തിൽ മുസ്‍ലിംകൾ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികൾ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടുപോവുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോൾ ക്രിസ്ത്യാനികൾക്ക് എന്നോട് വിരോധം തോന്നിയിട്ട് കാര്യമുണ്ടോ? സത്യം ഞാൻ തുറന്നുപറയുകയല്ലേ? ലൗ ജിഹാദില്ലെന്നല്ല പറയുന്നത്. കുറച്ചേയുള്ളൂ. ഇവിടെ സാമൂഹ്യസത്യങ്ങൾ തുറന്നുപറയാനുള്ള ഇച്ഛാശക്തി വേണം. അതു തുറന്നു പറയുമ്പോൾ നമ്മളെല്ലാം കൊള്ളുകേലാത്തവരും ജാതി മാത്രം പറഞ്ഞുനടക്കുന്നവരുമാകും. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മളൊരു കണക്ക് വച്ച് നോക്കുകയാണെങ്കിൽ കോട്ടയം ജില്ലയിൽ 549 സ്കൂളുകളുണ്ട്. കേരളത്തിൽ 7227 സ്കൂളുകളുണ്ട്. കോളജുകൾ 24 എണ്ണം കോട്ടയത്തുണ്ട്. ഈഴവര്‍ക്കുള്ളത് നാമമാത്രമാണ്. ഇതൊരു സാമൂഹ്യനിതീയാണോ എന്ന് ചോദിച്ചാൽ ജോസഫും കേരളാകോൺഗ്രസുമെല്ലാം ഭരിച്ചുഭരിച്ച് നമ്മളെ ഇല്ലാതാക്കിയെന്നു വേണം പറയാൻ.അവരാണ് ഈ വകുപ്പ് കൂടുതൽ കാലം ഭരിച്ചത്. പി.ജെ. ജോസഫായാലും തൊമ്മനായാലും തൊപ്പിയായാലും അവർ അവരുടെ സമുദായത്തിന് മാത്രം നൽകി. ഇതുപറയുമ്പോൾ ജാതിപറയുന്നു എന്ന് പറഞ്ഞ് വായടക്കാൻ നോക്കണ്ട’ -വെള്ളാപ്പള്ളി പറഞ്ഞു.

‘മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്കൂളോ കോളജോ കുടിപ്പള്ളിക്കൂടമോ ഇല്ല. എത്രയോ പ്രാവശ്യം എന്‍റെ സമുദായത്തിന് വേണ്ടി ഞാൻ കരഞ്ഞുപറഞ്ഞു. ഒരു വിദ്വേഷമല്ല, എന്‍റെ സമുദായത്തിന്‍റെ ദുഃഖമാണ്, സങ്കടമാണ്...നിങ്ങൾ തരണേ...തരണേ എന്ന്. കരഞ്ഞുപറഞ്ഞിട്ടു പോലും ഒറ്റെണ്ണം തന്നില്ലെന്ന് മാത്രമല്ല ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും സര്‍ക്കാര്‍ കാണിച്ചില്ല. മലപ്പുറത്ത് നാല് നിയോജക മണ്ഡലങ്ങളുണ്ട്. മുസ്‍ലിംകൾ അവിടെ എല്ലാം പിടിച്ചടക്കുമ്പോൾ നമുക്കതിനെക്കുറിച്ച് ചോദിക്കാൻ പോലും അവകാശമില്ല. 11 കോളജാണ് മുസ്‍ലിം സമുദായത്തിന് മലപ്പുറത്തുള്ളത്. സമുദായത്തിനല്ല, ആ സമുദായത്തിലെ സമ്പന്നരുടെ പേരിലാണ് കൊടുത്തിരിക്കുന്നത്. അറബിക് കോളജ് ആറെണ്ണമുണ്ട്. അവിടെ അറബി ഒരു വിഷയമായി എടുത്തിട്ട് ആര്‍ട്സ് ആന്‍ഡ് സയൻസ് കോളജ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. അങ്ങനെ 17 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നൂറു കണക്കിന് സ്കൂളുകളുണ്ട്. നമുക്കൊരു കുടിപ്പള്ളിക്കൂടം പോലുമില്ല. നമ്മുടെ കുട്ടികൾക്ക് പഠിക്കണ്ടേ. ഒന്നുമില്ല. ഈ ദുഃഖം ഒരു സങ്കടമായി ഞാൻ പറയുമ്പോൾ അത് സഹതാപത്തോടു കൂടി കണ്ട് അതിന് പരിഹാരമുണ്ടാക്കുന്നതിന് പകരം ഞാനൊരു ജാതിവാദിയാണെന്ന് പറഞ്ഞുകൊണ്ട് എന്നെ ക്രൂശിക്കാൻ നോക്കി’ -​വെള്ളാപ്പള്ളി പറഞ്ഞു.

‘കഴിഞ്ഞ 30 വര്‍ഷമായി എസ്‍എൻഡിപിയുടെ കണക്കുകൾ എല്ലാം പരിശോധിക്കുന്നത് റഹിം അസോസിയേറ്റ്സാണ്. എസ്.എൻ.ഡി.പിയുടെ കേസെല്ലാം നടത്തുന്നത് കൊല്ലത്തുള്ള നിസാറാണ്. ഈഴവര്‍ക്ക് ആളില്ലാത്തതുകൊണ്ടാണോ ഇതെല്ലാം മുസ്‍ലിംകൾക്ക് കൊടുത്തത്. സോദരചിന്തയുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ വര്‍ഗീയവാദിയാണെന്നും മുസ്‍ലിം വിരോധിയാണെന്നും പറയുന്നവരുണ്ട്. ഞാനൊരു മുസ്‍ലിം വിരോധിയല്ല. നമ്മുടെ കൂടെ എത്രയോ മുസ്‍ലിംകൾ സഹകരിച്ചുപോരുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. പക്ഷെ ഈ രാജ്യത്ത് നീതി പങ്കിടുമ്പോൾ അതിനൊക്കെ ഒരു സാമൂഹ്യനീതി വേണം. ഇവിടെതന്നെ കുരിശുമല എത്രയുണ്ട്...480 ഏക്കറുണ്ട്. തങ്ങൾപാറ 300 ഏക്കറുണ്ട്. മുരുകൻമല 25 ഏക്കറുണ്ട്. സര്‍ക്കാര്‍ പതിച്ചു കൊടുത്ത കുരിശുമല 450 ഏക്കറാണ്. ഞാനും വെള്ളാപ്പള്ളിയാണ്. പള്ളിയാണ്, പക്ഷെ കുരിശില്ലാത്ത പള്ളിയായിപ്പോയെന്ന് മാത്രം. കുരിശുള്ള പള്ളിക്കാര്‍ക്ക് പതിച്ചുകൊടുത്തത് 450 ഏക്കറാണ്. പാലായിൽ.. തങ്ങൾപാറയ്ക്ക് പതിച്ചുകൊടുത്തത് 300 ഏക്കറാണ്. അതുകഴിഞ്ഞിട്ട് ആര്‍ക്കും വേണ്ടാത്ത മുരുകൻ മല മാണിസാറിന്‍റെ ഔദാര്യത്തിൽ 15 ഏക്കര്‍ എസ്എൻഡിപിക്കും 10 ഏക്കര്‍ എസ്എൻ ട്രസ്റ്റിനുമായിട്ട് തന്നു. പൊട്ടും പൊടിയുംഅയ്യപ്പന്. ഇതെന്ത് നീതിയാണ്. ഇതു പറയുമ്പോൾ ഞാൻ ജാതി വിരോധിയാണ്. ജാതിചിന്തയുണ്ടാക്കരുത്. ജാതി വിവേചനമാണ് ജാതിയുണ്ടാക്കുന്നത്.

വോട്ടുകുത്തുന്ന യന്ത്രങ്ങളായി ഈഴവരും പിന്നാക്കക്കാരും ഇവിടെ അധഃപതിച്ചു. ഈഴവത്തി പെറ്റ ഈഴവനാണെന്ന് പറയാനുള്ള ആര്‍ജവം നമുക്ക് നഷ്ടപ്പെട്ടുപോയി. മറ്റ് സമുദായങ്ങളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ആ സമുദായങ്ങൾ സംഘടിച്ച് ശക്തരായി വോട്ടുബാങ്കുകളായി മാറി. ആ വോട്ടുബാങ്കിന്‍റെ ബലത്തിൽ രാഷ്ട്രീയ ശക്തികളായി മാറി. കേരളാ കോൺഗ്രസിന്‍റെ ജനകീയ പിന്തുണയാരാണ്, അവരെ നയിക്കുന്നതാരാണ്? അതോടൊപ്പം തന്നെ ലീഗിനെ നയിക്കുന്നത് ആരാണ്. മുസ്‍ലിം ലീഗെന്ന് കേട്ടാൽ മുസ്‍ലിം കൂട്ടായ്മയാണ്. അതിനകത്ത് വേറെയാരെങ്കിലുമുണ്ടോ?

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. നമ്മൾ അങ്ങനെയല്ലേ പെരുമാറുന്നത്. ഒരു മുസ്‍ലിമിനോട് നമുക്ക് വിരോധമുണ്ടോ? ഒരു ക്രിസ്ത്യാനിയോട് വിരോധമുണ്ടോ? ഒരു നായരോട് നമ്മൾ വിദ്വേഷം കാണിക്കാറുണ്ടോ? നമ്മളെല്ലാവരോടും സ്നേഹത്തോടും മര്യാദയോടെയുമാണ് പെരുമാറുന്നത്. സോദരൻമാരെപ്പോലെ സ്നേഹിക്കുന്നു’. -വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjid DemolitionVellappally Natesan
News Summary - Vellappally Natesan talk about Babri Masjid Demolition
Next Story