'ഞങ്ങളെല്ലാം ഹിന്ദുക്കളാണ്, ഞങ്ങളുടെ ചോര ഒന്നാണ്, സുകുമാരന്‍ നായര്‍ മാന്യൻ, ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും'; വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സ്റ്റണ്ടായല്ല എസ്.എൻ.ഡി.പി ഐക്യം മുന്നോട്ടുവെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു.
പിന്നീട് അദ്ദേഹത്തിന് തിരുത്തേണ്ടിവന്നത് ബോർഡിന്‍റെ തീരുമാനത്തിന് വിധേയപ്പെട്ടതുകൊണ്ടാണ്. അദ്ദേഹം മാറിചിന്തിക്കാൻ കാരണമെന്തെന്ന് മനസിലാക്കാനുള്ള ബുദ്ധി നമുക്കുണ്ട്. തീരുമാനം മാറിയതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ആലപ്പുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അുദ്ദഹം.
ഇതിന്‍റെ പേരിൽ ഞങ്ങളെ ഭിന്നിപ്പിക്കാൻ നോക്കേണ്ട. ഞങ്ങളെല്ലാം ഹിന്ദുക്കളാണ്. ഞങ്ങളുടെ ചോര ഒന്നാണ്. വിശ്വാസം ഒന്നാണ്. ഇപ്പോഴത്തെ ഐക്യ നീക്കത്തിന് എന്തു സംഭവിച്ചാലും ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും. ഈ വിഭാഗീയത ലോകാവസാനംവരെ നിൽകുന്ന ഒന്നല്ല. തന്നെ മുസ്ലിം വിരോധിയാക്കി കത്തിക്കുകയാണ്. തന്നെ കത്തിച്ചാല്‍ കത്തുമോ? പ്രശ്നം തീരുമോ. പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേക്കുറിച്ച് സംവാദത്തിന് തയാറുള്ളവർ വരട്ടെ. എസ്.എൻ.ഡി.പി യോഗം തുറന്ന പുസ്തകമാണ്. ആർക്കും വിമർശിക്കാം.
ഹിന്ദുക്കുളുടെ ഐക്യം കാലത്തിന്‍റെ അനിവാര്യതയാണ്. എസ്.എൻ.ഡി.പി മുന്നോട്ടുവെച്ച നായർ-ഈഴവ ഐക്യത്തിൽ രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് ചിലരുടെ വ്യാഖ്യാനമാണ്. ഇപ്പോഴത്തെ തീരുമാനത്തിന്‍റെ പേരിൽ എൻ.എസ്.എസിനെയൊ സുകുമാരൻ നായരെയോ ആരും തള്ളിപ്പറയരുത്. നായര്‍ സമുദായം സഹോദര സമുദായമാണ്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി പിന്‍ബലം തന്ന് കരുത്തനാക്കിയ ആളാണ് സുകുമാരന്‍ നായര്‍. രാജാവ് നഗ്നനാണെന്ന് പറയാന്‍ നിഷ്‌കളങ്കനെ സാധിക്കൂ. അങ്ങനെ നിഷ്‌കളങ്കനാണ് സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

