‘മുസ്‌ലിം ലീഗ് മതപാർട്ടി, ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കൽ’; വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
text_fieldsവെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, മതരാഷ്ട്രീയം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. തന്‍റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്‌ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിന്റെ പേരിൽ ലീഗ് തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് വേട്ടയാടി. ലീഗ് മതപാർട്ടിയാണ്. മുസ്‌ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം. മുസ്‌ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണമാണ് ലീഗിന്‍റെ ലക്ഷ്യം. മുസ്‌ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.
രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോട് വിവേചനമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സമുദായംഗങ്ങളെ വളരാനും വളർത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളർത്താനും അനുവദിക്കുന്നില്ല. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനായതിനാൽ വളരാൻ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ ക്ഷേത്രഭരണത്തിൽനിന്ന് ദേവസ്വം ബോർഡുകളെ ഒഴിവാക്കണമെന്ന കാലങ്ങളായുള്ള സംഘ്പരിവാർ ആവശ്യം പരസ്യമായി ഉന്നയിച്ച് വെള്ളാപ്പള്ളി രഗത്തുവന്നിരുന്നു. ശബരിമലയിലെ സ്വർണപ്പാളി വിവാദ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി മുഖ മാസികയായ യോഗനാദത്തിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും രാജഭരണത്തിന്റെ പശ്ചാത്തലമുള്ളതിനാൽ ചരിത്രപരമായ കാരണങ്ങൾകൊണ്ടാണ് അത് വേണ്ടിവന്നതെങ്കിലും ആ രീതി മാറ്റേണ്ട കാലമായെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. പ്രമുഖ ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നുവെന്നും വെള്ളാപ്പള്ളി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

