ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവരുൾപ്പെടുന്ന പിന്നാക്ക സമുദായം, സി.പി.ഐ മൂഢസ്വർഗത്തില്‍ -വെളളാപ്പളളി
text_fieldsതിരുവനന്തപുരം: ഈഴവരുൾപ്പെടെയുള്ള പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ലെന്നും സി.പി.ഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. എസ്.എൻ.ഡി.പിയുടെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് പരാമര്‍ശം.
സി.പി.എമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവുമാണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ ആണെങ്കിൽ ചർച്ചയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
നേരത്തെ ആഗോള അയ്യപ്പസംഗമത്തിനെത്തിയ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെ ആവർത്തിച്ച് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയെ താൻ കാറിൽ കയറ്റില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. ‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ. പിണറായി വിജയൻ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാട്. ബിനോയ് വിശ്വം കാറിൽ കയറ്റില്ലായിരിക്കും. ഞാൻ കാറിൽ കയറ്റിയത് ശരിയാണ്. അതിൽ തെറ്റുണ്ടെന്ന് ഞാൻ പറഞ്ഞില്ല. ആ നിലപാടുതന്നെയാണ് ഇപ്പോഴുമുള്ളത്’ -മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ സി.പി.ഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളി. സി.പി.ഐ ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാന ഘടകകക്ഷിയാണ്. നല്ല ഊഷ്മള ബന്ധമാണ് ആ പാർട്ടിയുമായി ഞങ്ങൾക്കുള്ളത്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുന്നുവെന്ന തോന്നൽ തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിരുന്നുവോ എന്ന ചോദ്യത്തോട് അതേക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും കാര്യങ്ങൾ നോക്കിയേ പറയാൻ പറ്റൂ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സി.പി.എമ്മിന് എന്നും യോജിപ്പാണെന്നും അത് തുടരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി നടേശൻ സി.പി.ഐയെ 'ചതിയൻ ചന്തു' എന്ന് വിശേഷിപ്പിച്ചതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾക്ക് അത്തരം നിലപാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എസ്.എൻ.ഡി.പിയെ വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാമർശത്തിന് ഗവൺമെന്റാണ് മറുപടി പറയേണ്ടതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

