സ്ഥാനാർഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കും; അൻവർ കൂടുതൽ വോട്ട് പിടിച്ചില്ലെങ്കിൽ യു.ഡി.എഫ് വിജയിക്കാൻ സാധ്യത -വെള്ളാപ്പള്ളി
text_fieldsചേർത്തല: നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ് ലിം കണ്സോളിഡേഷന് നടന്നിട്ടുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാർഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു വോട്ട് എം. സ്വരാജിലേക്കും മുസ് ലിം വോട്ട് പി.വി. അൻവറിലേക്കും ഏകീകരിച്ചു. 25,000 വോട്ട് അൻവർ പിടിച്ചാൽ ഫലം എൽ.ഡി.എഫിന് അനുകൂലമാകും. അൻവർ പിടിക്കുന്ന വോട്ടിൽ ചെറിയ ശതമാനം എൽ.ഡി.എഫിന്റെയും വലിയ ശതമാനം യു.ഡി.എഫിന്റേതും ആയിരിക്കും.
ഈ സാഹചര്യത്തിൽ യു.ഡി.എഫിന്റെ സാധ്യത കുറയുകയും എൽ.ഡി.എഫിന്റെ സാധ്യത കൂടുകയും ചെയ്യും. അൻവർ കൂടുതൽ വോട്ട് പിടിച്ചില്ലെങ്കിൽ യു.ഡി.എഫ് വിജയിക്കാനും സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം, നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു. സ്വതന്ത്രനായ പി.വി. അൻവർ, കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുള്ളതിനാൽ ബി.ജെ.പി നാലാം സ്ഥാനത്ത് വരാനേ വഴിയുള്ളൂ. കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുള്ള പോളിങ്ങാണ് നിലമ്പൂരിലുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണുണ്ടായത്.
ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് പ്രകടമായതെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഫലം ആര്യാടൻ ഷൗക്കത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബൂത്തുതല കണക്കുകൾ വെച്ച് 12,000നും 15,000നുമിടയിൽ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗിന് സ്വാധീനമുള്ള വഴിക്കടവിലും മൂത്തേടത്തും യു.ഡി.എഫ് വൻ ലീഡും നിലമ്പൂർ നഗരസഭയിൽ തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.
ഇരുമുന്നണികളുടെയും വോട്ടുകൾ അൻവറിലേക്ക് പോയിരിക്കാമെങ്കിലും കുടുതൽ നഷ്ടമുണ്ടാവുക എൽ.ഡി.എഫിനാകുമെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. ക്രൈസ്തവ വോട്ടുകളിൽ ഇളക്കമുണ്ടായിട്ടില്ലെന്നും നേതാക്കൾ പറയുന്നു. കുടിയേറ്റ മേഖലയിൽ നാമമാത്രമായി മാത്രമേ അൻവറിന് സ്വാധീനം ചെലുത്താനായിട്ടുള്ളൂ. ബി.ജെ.പി സ്ഥാനാർഥി കത്തോലിക്ക വിശ്വാസിയല്ലാത്തതിനാൽ, സഭ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
2000 മുതൽ 3000 വരെ വോട്ടുകൾക്ക് എം. സ്വരാജ് വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ വെച്ചുള്ള എൽ.ഡി.എഫ് വിലയിരുത്തൽ. നിലമ്പൂർ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ് സി.പി.എം മേൽക്കൈ പ്രതീക്ഷിക്കുന്നത്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടുമെന്നുമാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്. പോത്തുകല്ലിൽ 1042ഉം കരുളായിയിൽ 1367ഉം അമരമ്പലത്ത് 1244ഉം നിലമ്പൂരിൽ 1007ഉം വോട്ടിന്റെ ലീഡ് സ്വരാജിനുണ്ടാകുമെന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്ക് കൂട്ടുന്നു. വഴിക്കടവിലും കരുളായിയിലും നിലമ്പൂർ നഗരസഭയിലുമാണ് പി.വി. അൻവർ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത്.
പിണറായി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളും കോൺഗ്രസിലെ വിമത വോട്ടുകളും അൻവറിലേക്ക് ചാഞ്ഞെന്ന നിരീക്ഷണമുണ്ട്. അവസാനനാളിൽ ബി.ജെ.ഡി.എസ് പ്രചാരണത്തിൽ സജീവമായെങ്കിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിലേക്ക് എൻ.ഡി.എ എത്താനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

