'ഞാനും മുസ്‌ലിം ലീഗും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നു, കാര്യം കഴിഞ്ഞപ്പോൾ ആലുവ മണപ്പുറത്ത് കണ്ടഭാവം നടിച്ചില്ല'; വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വിമർശനം ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗും താനും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നെന്നും അവരുടെ കാര്യം കഴിഞ്ഞപ്പോൾ തന്നെ ഒഴിവാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ എസ്.എൻ.ഡി.പിയുടെ ഉന്നത വിദ്യാഭ്യാസ പുരസ്കാര വിതരണ ചങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാമുദായിക സംവരണം ഒക്കെ വേണമെന്ന് പറഞ്ഞ് ലീഗും ഞങ്ങളും ഒരിക്കൽ അണ്ണനും തമ്പിയുമായി നടന്നവരാണ്. ഡൽഹിയിൽ അടക്കം സമരം നടത്താൻ ലക്ഷങ്ങൾ ചെലവാക്കി. കാര്യം സാധിച്ചപ്പോൾ അവർ ഞങ്ങളെ ഒഴിവാക്കി. ഇങ്ങനെയാണ് ഒന്നിച്ച് സമരം ചെയ്തവർ ചെയ്യേണ്ടത്. യു.ഡി.എഫ് ഭരത്തിൽ വന്നാൽ വിദ്യാഭ്യാസ സംവരണം നേടിത്താരാമെന്ന് വാക്ക് പറഞ്ഞെങ്കിൽ പിന്നീട് ആലുവ മണപ്പുറത്ത് കണ്ടഭാവം നടിച്ചില്ല.
ലീഗിന് മലപ്പുറത്ത് 18 കോളജുകൾ ഉള്ളപ്പോൾ എസ്.എൻ.ഡി.പിക്ക് കേരളത്തിൽ മൊത്തം 14 കോളജാണ് ഉള്ളത്. ഞങ്ങൾ തുല്യനീതിയാണ് ചോദിക്കുന്നത്. തന്നെ വർഗീയവാദി എന്ന് വിളിക്കുന്ന ആ പാർട്ടിയുടെ പേര് തന്നെ മുസ്ലിം ലീഗ് എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഒരു ഇതരമതസ്തരില്ല. സമുദായത്തിന്റെ ദുഖമണ് പറയുന്നത്. കരയുന്ന കുട്ടിക്കേ പാലുള്ളൂ. കരഞ്ഞത് കൊണ്ടാണ് ഇപ്പോൾ പ്രധാന്യം കിട്ടിയത്. നമ്മളെ സഹായിക്കുന്നവരെ നമ്മൾ ഇഷ്ടപ്പെടണം. എൽ.ഡി.എഫ് സർക്കാർ ആയതുകൊണ്ടാണ് സാമൂഹിക പെൻഷൻ വിതരണം ചെയ്തത്.'-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ എസ്.എൻ.ഡി.പിക്കാർ പ്രതിഷേധവുമായി ഇറങ്ങി. എൻ.എസ്.എസുകാരോ ക്രിസ്ത്യാനികളോ ഇറങ്ങിയില്ല. മതവികാരം ഇളക്കിവിട്ട് അതിൽനിന്ന് മുതലെടുപ്പ് നടത്തുന്ന സ്വഭാവം എസ്.എൻ.ഡി.പിക്കില്ല. ഞങ്ങളുടെ സമുദായത്തിനും എന്തെങ്കിലും തരണേ എന്ന് അപേക്ഷിക്കുമ്പോൾ തന്നെ വർഗീയവാദിയാക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ പേരിൽ ഓപൺ യൂനിവേഴ്സിറ്റി അനുവദിച്ചപ്പോൾ അതിന്‍റെ നേതൃത്വത്തിൽ ഞങ്ങളുടെ സമുദായത്തിലെ പ്രതിനിധിയെ വെക്കണമെന്ന് പറഞ്ഞപ്പോൾ എല്ലാ കാക്കമാരും ഇളകി വന്നു. എനിക്ക് ഒരു ജാതിയോടും വിരോധമില്ല. എന്‍റെ സമുദായത്തിന് വേണ്ടി ഞാൻ പറയേണ്ടത് പറയുമ്പോൾ എന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

