സുധീരൻ പഞ്ചറായ വണ്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ; 30 വർഷമായി തന്നെ വേട്ടയാടുന്നു
text_fieldsആലപ്പുഴ: മൈക്രോ ഫിനാൻസ് കേസുമായും എസ്.എൻ.ഡി.പി യൂണിയൻ നേതാവ് കെ.കെ. മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കഴിഞ്ഞ 30 വർഷമായി സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, പണ്ട് ആലപ്പുഴയിൽനിന്ന് അദ്ദേഹത്തെ രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിലുള്ള വിരോധമാണ് ഈ നടപടികൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘‘സുധീരൻ കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ്. വീലെല്ലാം പഞ്ചറായി, ഓടിക്കാനും കഴിയാതെ തുരുമ്പുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ് അദ്ദേഹം,’’ വെള്ളാപ്പള്ളി പരിഹസിച്ചു.
സുധീരൻ കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് താൻ വർഗീയ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയതാണ് തനിക്കെതിരായ കേസിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആ നടപടിയാണ് കോൺഗ്രസിന് പത്തുവർഷം ഭരണത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരാൻ ഇടയാക്കിയത്. താൻ നടത്തിയ പ്രസംഗത്തിൽ വർഗീയതയില്ലെന്നും താൻ പറഞ്ഞത് സത്യമാണെന്നും ഹൈക്കോടതി പിന്നീട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസിനെ ജയിപ്പിച്ചത് താനാണെന്ന ഭാവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുറകെ നടക്കുകയാണ് സുധീരൻ. മഹേഷന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികൾ മെനഞ്ഞുണ്ടാക്കുന്നത് സുധീരന്റെ പണിയാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായ മഹേഷന്റെ അനന്തരവനെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയത് സുധീരന്റെ പണിയാണെന്നും ചുണയുണ്ടെങ്കിൽ കുറ്റം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മോഷണം നടത്തിയെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല, കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളതിനാലാണ് ആരുടെയും മുന്നിൽ തലകുനിക്കാതെ ധൈര്യമായി നിൽക്കുന്നത്. കെ.കെ. മഹേഷന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം പച്ചക്കള്ളമാണെന്നും പോലീസ് അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

