വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട് ജില്ലകളിലെ എയ്ഡഡ് സ്കൂൾ കണക്ക് സഭയിൽ
text_fieldsതിരുവനന്തപുരം: കേരളത്തിൽ മുസ്ലിംകൾക്ക് 4020 എയ്ഡഡ് സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന കള്ളമെന്ന് നിയമസഭ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തം. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളുടെ കണക്ക് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ ഉത്തരമായി നൽകിയതിൽ 1162 എണ്ണമാണ് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ളതെന്ന് വ്യക്തം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ കണക്കുകൾ ഉൾപ്പെടുത്താതെ ഈഴവ വിഭാഗത്തിന് 403 സ്കൂളുകളും നായർ വിഭാഗത്തിന് 565 സ്കൂളുകളുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിൽ പറയുന്നു. കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിലാണ് എസ്.എൻ.ഡി.പി ഉൾപ്പെടെ ഈഴവ മാനേജ്മെന്റുകൾക്ക് കൂടുതൽ സ്കൂളുകളുള്ളത്. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 4212 എയ്ഡഡ് സ്കൂളുകളുടെ കണക്കാണ് മന്ത്രി നൽകിയത്.
ഇതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് കൃസ്ത്യൻ മാനേജ്മെൻറുകൾക്കാണ് -1254. എട്ട് ജില്ലകളിലെ മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിലുള്ള മുഴുവൻ സ്കൂളുകളുടെയും എണ്ണം ഉത്തരത്തിലുണ്ടെങ്കിലും ഈ ജില്ലകളിൽ ഈഴവ, നായർ ഒഴികെയുള്ള മാനേജ്മെന്റുകൾക്ക് കീഴിലുള്ള എണ്ണം പ്രത്യേകം നൽകിയിട്ടില്ല. മറ്റുള്ളവ എന്ന വിഭാഗത്തിൽ 828 സ്കൂളുകളുണ്ട്. വെള്ളാപ്പള്ളി ആരോപിച്ചതിന്റെ മൂന്നിലൊന്ന് സ്കൂളുകൾ പോലും മുസ്ലിം മാനേജ്മെന്റുകൾക്ക് കീഴിൽ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി.
സംസ്ഥാനത്ത് 7195 എയ്ഡഡ് സ്കൂളുകൾ ഉള്ളതിൽ എട്ട് ജില്ലകളിലെ 4212 സ്കൂളുകളുടെ കണക്കാണ് പുറത്തുവന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചുവരുന്നുവെന്നും ടി.വി ഇബ്രാഹിമിന്‍റെ ചോദ്യത്തിന് മറുപടിയിൽ മന്ത്രി വ്യക്തമാക്കുന്നു. എന്നാൽ, മുൻ സർക്കാറിന്‍റെ കാലത്തും നിലവിലെ സർക്കാറിന്‍റെ കാലത്തും വ്യക്തികൾക്കും സംഘടനകൾക്കും എയ്ഡഡ് മേഖലയിൽ അനുവദിച്ച സ്കൂളുകളുടെ വിവരം തേടിയ എൻ. ഷംസുദ്ധീന്‍റെ ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടിയാണ് മന്ത്രി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

