ആദർശ രാഷ്ട്രീയം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വഴിമാറി -വെള്ളാപ്പള്ളി നടേശൻ
text_fieldsവെള്ളാപ്പള്ളി നടേശൻ
പത്തനംതിട്ട: ആദർശ രാഷ്ട്രീയം ഇന്ന് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വഴിമാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അധികാരത്തിലിരുന്ന പല ന്യൂനപക്ഷ മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിനെ അവരുടെ സ്വന്തം സമുദായ വകുപ്പായാണ് കണ്ടത്. ആർ. ശങ്കറിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ലഭ്യമായിട്ടില്ല. കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക ശക്തി സമാഹരിച്ച് വോട്ടുബാങ്കായി നിൽക്കുന്ന സമുദായങ്ങളെ തൃപ്തിപ്പെടുത്തി സ്ഥാനാർഥികളെ നിർത്തേണ്ട ദുരന്തമായി ജനാധിപത്യം മാറി. ഇലക്ഷൻ വരുമ്പോൾ മാത്രം സെൻസസും സംവരണവുമായി രാഷ്ട്രീയ പാർട്ടികൾ എത്തുന്നത് വോട്ടിനുവേണ്ടി മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഇക്കാര്യങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ട് മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പ്ലാറ്റിനം ജൂബിലി സമാപനത്തിന്റെ ഭാഗമായി നടന്ന െപാതുസമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം ഗുരുദേവ ദർശനങ്ങളാണെന്നും സാമൂഹ്യ നവോത്ഥാനത്തിന് വഴിതെളിക്കുന്ന ഈ ദർശനങ്ങൾ കാലാതീതമാണെന്നും വീണാ ജോർജ് പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹൻ ബാബു അധ്യക്ഷത വഹിച്ചു. നവീകരിച്ച മാത്സ് ലാബിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. സ്കൂളിന്റെ ചരിത്രാവതരണം സ്കൂൾ ഹെഡ്മിസ്ട്രസ്സ് പുഷ്പ.എസ് നടത്തി. യോഗം കൗൺസിലർ എബിൻ അമ്പാടി, യോഗം ഇൻസ്പക്ടിങ് ഓഫീസർ എഴുമറ്റൂർ രവീന്ദ്രൻ, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനറും മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രദീപ് കുമാർ. ടി, ഗ്രാമപഞ്ചായത്ത് അംഗം അമൽ സത്യൻ, താഴയിൽ ഗ്രൂപ്പ് ചെയർമാൻ ഡോ.തോമസ് ജോൺ, പി.ടി.എ പ്രസിഡന്റ് തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബീനാ വി. എസ് സ്വാഗതവും പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനറും അധ്യാപക പ്രതിനിധിയുമായ കെ.വി സജീവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

