മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന് വെള്ളാപ്പള്ളി; ‘ഇവിടെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ല’
text_fieldsമലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.
ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്.
ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരൻ, സത്യസന്ധനായ കച്ചവടക്കാരൻ, വളവ് തിരിവ് അറിയില്ല
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച വെള്ളാപ്പള്ളി, രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരനാണെന്ന് പറഞ്ഞു. രാഷ്ട്രീയക്കാരുടെ വളവ് തിരിവുകൾ അദ്ദേഹത്തിന് അറിയില്ല. പ്രത്യേകിച്ച് കാര്യങ്ങളൊന്നും പറഞ്ഞില്ല. സത്യസന്ധനായ കച്ചവടക്കാരനാണ്. അദ്ദേഹത്തിന്‍റെ വിശ്വാസം അദ്ദേഹത്തെയും എന്‍റെ വിശ്വാസം എന്നെയും രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇത് രാഷ്ട്രീയ സന്ദർശനമല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്‍റെ പ്രതികരണം. വെള്ളാപ്പള്ളിയുമായി കാലങ്ങളായി ബന്ധമുണ്ട്. സന്ദർശനശേഷം വലിയ ഊർജത്തോടെയാണ് താൻ മടങ്ങുന്നത്. ഈഴവ വോട്ട് ബി.ജെ.പിക്ക് ലഭിക്കുന്നത് ചോർച്ചയിലൂടെയല്ല. പുതിയ കാലത്ത് ജനങ്ങളെ സേവിക്കാനും ജീവിതത്തിൽ വ്യത്യാസം കൊണ്ടുവരാനും കഴിയുന്ന നല്ല പാർട്ടിക്ക് ആളുകൾ വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണം വെള്ളാപ്പള്ളിയുടെ വസതിയിൽനിന്ന് കഴിച്ച രാജീവ് ചന്ദ്രശേഖർ മറ്റ് ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് എത്തിയത്. കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമുണ്ടായിരുന്നു. എൻ.ഡി.എയിൽനിന്ന് ബി.ഡി.ജെ.എസിന് കൃത്യമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പരാതിയും ഉന്നയിച്ചതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.