മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സ്വപ്നം കണ്ട് ഓരോന്ന് പറയുകയാണെന്ന് വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: കേരളം പിടിക്കുമെന്ന മോദിയുടെ ആഗ്രഹം സ്വാഭാവികമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളും അവരുടെ അധികാരം ഉറപ്പിക്കുമെന്ന് പറയുന്നത് സ്വാഭാവികമാണ്. അതിനെ എതിർത്തിട്ട് കാര്യമില്ല.
ത്രിപുരയിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും യോജിച്ചപ്പോൾ ഭരണമുറപ്പിക്കുമെന്നാണ് പറഞ്ഞത്. രണ്ടുപേരും ചേർന്നുള്ള ത്രിപുര മോഡൽ സഖ്യം കേരളത്തിൽ ഉണ്ടാകില്ല. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും യോജിക്കണമെന്ന ആശയം പണ്ടുമുതൽ ഉള്ളതാണ്. അത് പ്രായോഗിക തലത്തിൽ ത്രിപുരയിൽ പരീക്ഷിച്ചപ്പോൾ നഷ്ടംവന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. കോൺഗ്രസിന് ചെറിയ നേട്ടമുണ്ടായി.
ആലപ്പുഴയിലെ സി.പി.എമ്മിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. മയക്കുമരുന്ന് കേസിൽ പ്രതിയായ ആളുകളെ പാർട്ടി സംരക്ഷിക്കുന്നുവെന്ന സത്യം അണികൾക്കിടയിലുണ്ട്. അത് പറയാൻ പലരും മടിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾ ആരും വിശ്വസിക്കില്ല. സ്വപ്ന സ്വപ്നംകണ്ട് ഓരോന്ന് പറയുകയാണ്. ആദ്യംപറഞ്ഞതല്ല ഇപ്പോൾ പറയുന്നത്. അതിനൊന്നും മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.