'അധികാരമില്ലാത്തവരുടെ പിറകെ പോയിട്ട് വല്ല കാര്യമുണ്ടോ..?, ഇറച്ചി ഉള്ളിടത്തല്ലേ പിച്ചാത്തി കയറുള്ളൂ..'; ജി.സുധാകരന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി അധികാരമുള്ളവരുടെ കൂടെ പോകുന്നുവെന്ന മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരന്റെ പ്രസ്താവനക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സുധാകരൻ പറഞ്ഞത് ശരിയാണെന്നും അധികാരമില്ലാത്തവരുടെ കൂടെ ആരെങ്കിലും പോകുമോ എന്ന് ചോദിച്ച വെള്ളാപ്പള്ളി, ഇറച്ചി ഉള്ളിടത്തല്ലേ പിച്ചാത്തി കയറുള്ളൂ..അല്ലെങ്കിൽ കത്തി ഒടിഞ്ഞുപോകില്ലേ എന്നും ചോദിച്ചു. സുധാകരന് അധികാരമുള്ളപ്പോഴും എസ്.എൻ.ഡി.പി അങ്ങനെ തന്നെയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ കുറിച്ചോ ധർമത്തെ കുറിച്ചോ അറിയാത്ത ആളുകൾക്ക് പോലും എസ്.എൻ.ഡി.പി വേദി ഒരുക്കുന്നുവെന്ന സുധാകരന്റെ പ്രസ്താവനയിലും വെള്ളാപ്പള്ളി പ്രതികരിച്ചു. പറഞ്ഞത് ശരിയായിരിക്കാമെന്നും എസ്.എൻ.ഡി.പി യോഗത്തിന്റെ വേദികളിൽ ഗുരുവിനെ കുറിച്ചോ ധർമത്തെ കുറിച്ചോ അറിയാത്തവർക്ക് തങ്ങളുടെ ആളുകൾ വേദി കൊടുക്കുന്നുണ്ടെന്നും അത് പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജി.സുധാകരൻ ഒരുപാട് സഹായങ്ങൾ വ്യക്തിപരമായി ചെയ്തയാളാണെന്നും ഒരു കാലഘട്ടത്തിൽ വി.എസ് തന്നെ കടന്നാക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ നാവ് തനിക്ക് വലിയ പ്രയോജനം ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'സുധാകരനും ഞാനും അണ്ണനും തമ്പിയുമാണെന്ന് ആകാര രൂപംകണ്ട് പലരും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് വലിയ സ്നേഹവും ബഹുമാനവുമാണ്. ഉള്ള കാര്യങ്ങൾ തുറന്ന് പറയുന്നയാളാണ്. അപ്രിയ സത്യങ്ങൾ ചിലതൊക്കൊ പറയാതിരുന്നാലേ പൊതു രംഗത്ത് പിടിച്ച് നിൽക്കാനാകൂ. അദ്ദേഹം എല്ലാം തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ചക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട് '-വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

