'വെള്ളാപ്പള്ളിയുടെ പ്രസ്താവന; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം'-റസാഖ് പാലേരി
text_fieldsറസാഖ് പാലേരി
കാസർകോട്: വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ മുൻകൈയിൽ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ ഇരിക്കുന്ന വ്യക്തിയാണ് വിഭാഗീയ പ്രസ്താവന നടത്തിയത്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഇടതുസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തെറ്റ് തിരുത്തുന്നതിന് പകരം ഇസ്ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായ ഡോ. ഹുസൈൻ മടവൂരിനെ തീവ്രവാദച്ചാപ്പ കുത്തി അപമാനിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. കേരളത്തോട് മാപ്പുപറഞ്ഞ് പ്രസ്താവന പിൻവലിക്കണം. കേരളത്തിൽ സംഘ്പരിവാർ ഉയർത്തിവിട്ട വ്യാജ ആരോപണമാണ് വെള്ളാപ്പള്ളിയും ആവർത്തിച്ചിരിക്കുന്നത്. പൊതുസാമൂഹിക നന്മയും പുരോഗമനാത്മകതയും ലക്ഷ്യംവെച്ച് ഇടതുസർക്കാർ രൂപവത്കരിച്ച പൊതുവേദിയുടെ അധ്യക്ഷനിൽനിന്ന് സമൂഹത്തിൽ വിഭാഗീയതയും അപര മതവിദ്വേഷവും വളർത്തുന്നരീതിയിലുള്ള പ്രസ്താവനകൾ നിരന്തരം പുറത്തുവരുമ്പോഴും സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും പുലർത്തുന്ന മൗനം കുറ്റകരവും നിരുത്തരവാദപരവുമാണ്. സംസ്ഥാന സർക്കാറിന്റെ സത്വര ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ബീരാൻ മൊയ്തീൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് വടക്കേക്കര, സി.എച്ച്. ബാലകൃഷ്ണൻ, സി.എച്ച്. മുത്തലിബ്, ഹമീദ് കക്കണ്ടം, അബ്ദുല്ലത്തീഫ് കുമ്പള, നഹാറുദ്ദീൻ, സഹീറ അബ്ദുല്ലത്തീഫ്, അസൈനാർ ഉപ്പള എന്നിവർ സംസാരിച്ചു. ഇസ്മാഈൽ മൂസ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സമാപനപ്രസംഗം നടത്തി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായി ബീരാൻ മൊയ്തീൻ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സഹീറ ലത്തീഫ്, ട്രഷറർ അസൈനാർ ഉപ്പള എന്നിവരാണ് സഹ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

