ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം: വാഹനങ്ങൾക്ക് അനുമതി വാങ്ങണം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കും. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദാംശം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്ക് സമർപ്പിച്ച് അനുമതി വാങ്ങണം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയിൽ രേഖപ്പെടുത്തിയിരിക്കും. അനുമതി പത്രത്തിന്റെ അസ്സൽ ദൂരെനിന്ന് കാണാകുംവിധം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങണം.
പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിശദാംശം സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിക്കണം. ഒരു സ്ഥാനാർഥിക്ക് ഉപയോഗിക്കാൻ അനുമതി നൽകിയ വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിച്ചാൽ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ടു ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കിൽ അത് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിക്കണം.
ഇല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോൺവോയ് ആയി സഞ്ചരിക്കാൻ പാടില്ല. ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങൾ എന്ന പരിധി ബാധകമാണ്.
പ്രചാരണത്തിനുള്ള വിഡിയോ വാനുകൾക്ക് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിധേയമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറിൽനിന്നാണ് അനുമതി വാങ്ങേണ്ടത്. വിഡിയോ വാനിൽ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയിൽ (എം.സി.എം.സി)നിന്ന് മുൻകൂർ സർട്ടിഫിക്കറ്റും വാങ്ങണം. തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കാൻ വാഹനം ഉപയോഗിക്കുന്നത് കുറ്റകൃത്യമായി പരിഗണിച്ച് ശിക്ഷാനടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

