‘വയനാട്ടിലേക്കുള്ള വാഹന പ്രവേശനത്തിന് നിയന്ത്രണം വേണം, ഓൺലൈൻ പാസ് ഏർപ്പെടുത്തണം’
text_fieldsകൽപറ്റ: വയനാട്ടിലേക്ക് അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹന പ്രവേശനത്തിന് കാരിയിങ് കപ്പാസിറ്റി നിർണയിച്ച് നിയന്ത്രിക്കുകയും ഓൺലൈൻ പാസ് ഏർപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യമുയരുന്നു. ഇക്കാര്യം മുൻ ജില്ല കലക്ടർ അടക്കം പലരും ഉന്നയിച്ചതാണ്. അനിയന്ത്രിതമായ രീതിയിൽ ആളുകളും വാഹനവുമെത്തുന്നതോടെ വയനാടൻ ജനതയുടെ സ്വൈരജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അതീവ ലോലമായ പരിസ്ഥിതി പ്രത്യേകതകൾ ഉള്ള ജില്ലയിൽ അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായ ആവശ്യങ്ങൾക്കുപോലും ജനം ബുദ്ധിമുട്ടുകയാണ്.
ചുരത്തിൽ മാത്രമല്ല, വയനാട്ടിലുടനീളവും നഗരങ്ങളിലും ഗ്രാമങ്ങളിൽ പോലും വൻ ഗതാഗതക്കുരുക്കാണ് സമീപകാലത്തായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. നിത്യവൃത്തിക്കായി തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പുറത്തിറങ്ങാൻ വയ്യാത്ത വിധം റോഡിൽ ഗതാഗത സ്തംഭനം നിത്യസംഭവമായി കഴിഞ്ഞു. എന്നിട്ടും അധികൃതർ വയനാട്ടുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്കുനേരെ മുഖം തിരിക്കുകയും ടൂറിസം-റിസോർട്ട് മാഫിയക്ക് ഒത്താശ ചെയ്യുകയുമാണ്.
ഇന്ത്യയിൽ ഊട്ടിയടക്കമുള്ള മലമുകളിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ വാഹന പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വയനാട്ടിൽ ജനപ്രതിനിധികളും പാർട്ടി നേതാക്കന്മാരും ശക്തമായി ചെറുക്കുകയാണ്. ഇത് ജില്ലയിലെ ജനങ്ങളുടെ സ്വൈരജീവിതത്തെക്കുറിച്ച് ഒട്ടും ഉത്കണഠയില്ലാത്തതുകൊണ്ടാണ്. ജനപ്രതിനിധികളടക്കമുള്ള ചില രാഷ്ട്രീയക്കാർ ഇവരുടെ ചട്ടുകമായി പ്രവർത്തിക്കുന്നു.
ഈ അവധിക്കാലത്ത് എല്ലാ ദിവസവും ചുരത്തിൽ കടുത്ത രീതിയിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചികിത്സ, വിദ്യാഭ്യാസം, ദൂരയാത്ര തുടങ്ങി അത്യന്താപേക്ഷിതമായ ആവശ്യങ്ങൾക്കായി മറ്റു നാടുകളെ ആശ്രയിക്കുന്ന വയനാടൻ ജനത ജീവിതക്കുരുക്കിൽ നിസ്സഹായരായിരിക്കുന്നു. വയനാട്ടിലേക്കുള്ള ചുരങ്ങളിൽ പതിവായിരിക്കുന്ന അസഹനീയമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പ്രാവർത്തികമായ നിർദേശങ്ങൾ ഉന്നയിക്കുകയോ കുരുക്കിന് കാരണമായ യഥാർഥ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുകയോ ചെയ്യാതെ രണ്ട് എം.എൽ.എമാർ കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ സമരം നടത്തി. പ്രഹസനവും തൽപ്പര കക്ഷികളുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരുന്നു അത്. വയനാട്ടിൽനിന്നുള്ള മന്ത്രിയായ ഒ.ആർ. കേളുവും ഈ നാടിന്റെ ദയനീയതയിൽ നിസ്സംഗത പുലർത്തുന്നു.
ചുരത്തിലെ ഗതാഗതക്കുരുക്ക് ഒന്നോ രണ്ടോ വർഷം കൊണ്ടുണ്ടായ യാദൃശ്ചിക ദുരിതമല്ല. 10 വർഷം മുൻപ് ചെറിയ തോതിൽ ആരംഭിച്ച് മൂർച്ഛിച്ച് ഇന്ന് സ്ഫോടകവസ്ഥയിൽ എത്തി നിൽക്കുന്ന വയനാടിന്റെ ജീവൽപ്രശ്നമാണിത്. ഇതിന് വയനാട്ടിലെ ജനപ്രതിനിധികളും ഭരണാധികാരികളും തുല്യ ഉത്തരവാദികളാണ്. ഗുരുതരമായ ഈ സാഹചര്യത്തിലും നിസ്സംഗതയോടെയും ദുഷ്ട ലാക്കോടെയുമാണ് പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്. 2500 കോടി മുടക്കി തുരങ്കമുണ്ടാക്കി കാൽനൂറ്റാണ്ടിനു ശേഷം ഗതാഗതക്കുരുക്ക് അഴിക്കാൻ നടക്കുന്നവർ കേവലം 500 കോടിയിൽ താഴെ ചെലവഴിച്ച് ഒന്നോ രണ്ടോവർഷം കൊണ്ട് വയനാട്ടിലേക്കുള്ള അഞ്ച് ചുരം റോഡുകൾ ആധുനികവൽക്കരിച്ച് ബലപ്പെടുത്തി വീതി കൂട്ടി പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത് നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനാണ്.
ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിപ്പിച്ച് ജനവികാരം ഇളക്കിവിട്ട് പശ്ചിമഘട്ടത്തെ പിളർന്ന് നിരവധി പുതിയ പാതകൾ നിർമിക്കാൻ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഉത്സാഹം കേവലം ജനസംരക്ഷണ താത്പര്യമല്ല. ഭൂമാഫിയകളെയും വനം കൈയേറ്റക്കാരെയും റിസോർട്ട് ഉടമസ്ഥരെയും സഹായിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണ്. ഈ പാതകൾക്ക് കേന്ദ്രാനുമതി ലഭിക്കാൻ വലിയ കാലതാമസമുണ്ടാകും.
അനുവദനീയമായതിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയാണ് ചരക്കു വാഹനങ്ങൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത്. താമരശ്ശേരി ചുരത്തിന് വനം വകപ്പ് വനംഭൂമി വിട്ടുകൊടുത്തിട്ട് കൊല്ലങ്ങൾ ഏറെ കഴിഞ്ഞിട്ടും വളവുകൾ വീതി കൂട്ടുന്നതിന് ആരും ഉത്സാഹിക്കുന്നില്ല. പ്രധാനമന്ത്രിയുടെ വനമാലാ പദ്ധതിയിൽ ഉൾപ്പെട്ട പക്രംതളം ചുരം റോഡ് വനത്തിലൂടെ അല്ലാത്തതിനാൽ ആരുടെയും അനുമതിയില്ലാതെ ഭൂമി അക്വയർ ചെയ്ത് വികസിപ്പിക്കാവുന്നതാണ്. പ്രസ്തുത റോഡ് നാലു വരിയാക്കി മാറ്റാൻ ഒരു തടസ്സവുമില്ല. അത് വയനാട്ടിലേക്കുള്ള പ്രധാന റോഡാക്കിമാറ്റുകയും ചരക്കു വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും അതുവഴി മാത്രമാക്കി മാറ്റിയാൽ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും. അതിന് ശ്രമം നടത്തുന്നില്ല.
പ്രകൃതി സംരക്ഷണ സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, തച്ചമ്പത്ത് രാമകൃഷ്ണൻ, പി.എം. സുരേഷ്, സണ്ണി മരക്കടവ്, എ.വി. മനോജ്, ഒ.ജെ. മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

