വാഹനപ്രചാരണം: മോട്ടോർവാഹന നിയമം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർ വാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും നിയമാനുസൃത രേഖകളെല്ലാം ഉണ്ടാകണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. പ്രചാരണത്തിനായി സ്ഥാനാർഥിക്ക് ഇരുചക്രവാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർഥിയുടെ തെഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയിൽ വരും. പ്രചരണവാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല.
വരണാധികാരിയാണ് പ്രചാരണവാഹനത്തിന് പെർമിറ്റ് നൽകുന്നത്. വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ് പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, നികുതി അടച്ചതിന്റെ രേഖ, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് പെർമിറ്റിനായി അപേക്ഷ നൽകേണ്ടത്.
വരണാധികാരി നൽകുന്ന ഒറിജിനൽ പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തിൽ തെരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദർശനം, വിഡിയോ പ്രചരണവാഹനം എന്നിവയെല്ലാം മോട്ടോർ വാഹനനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം. പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പൊലീസ് അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നൽകിയ വാഹന പെർമിറ്റ് ഉൾപ്പെടെ രേഖകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

