Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചക്കറി വിലയിൽ പൊള്ളി കേരളം; അയൽ സംസ്ഥാനങ്ങളിലെ കൃഷിനാശം തിരിച്ചടിയായി

text_fields
bookmark_border
പച്ചക്കറി വിലയിൽ പൊള്ളി കേരളം; അയൽ സംസ്ഥാനങ്ങളിലെ കൃഷിനാശം തിരിച്ചടിയായി
cancel

പച്ചക്കറികൾക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇടിത്തീയായി വിലവർധന. കഴിഞ്ഞമാസം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയായാണ് പല പച്ചക്കറികൾക്കും വില കൂടിയിരിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും വിളവെടുപ്പ് കുറഞ്ഞതും കേരളത്തിലേക്കുള്ള പച്ചക്കറി വരവിൽ കുറവുണ്ടാക്കി. ഇതോടെ പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് വിപണിയിൽ. കഴിഞ്ഞയാഴ്ച കിലോക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് നിലവിൽ 40 രൂപയാണ്. 30 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളി വില കുത്തനെ ഉയർന്ന് 95-120 രൂപയിലെത്തി. സവാള-50-60 രൂപയാണ്. ബീറ്റ്റൂട്ടിന് 30 രൂപയുണ്ടായിരുന്നത് നിലവിൽ 50 രൂപയായതായി പാലക്കാട് പച്ചക്കറി മാർക്കറ്റിലെ എം.എം. വെജിറ്റബിൾസ് ഉടമ പറഞ്ഞു.

മല്ലിയിലക്ക് 100 രൂപ നൽകണം. നേരത്തെ 60 രൂപയായിരുന്നു. പുതിനയില 80 രൂപ, കറിവേപ്പില 60 രൂപ എന്നിങ്ങനെയാണ് വില. ബീൻസിന് 120, പയറിന് 60, കൊത്തവര- 40, കോളിഫ്ലവർ-50, വലിയ വെളുത്തുള്ളി-240, ചെറിയ വെളുത്തുള്ളി-140, മുരിങ്ങക്കായ-60, ഉരുളക്കിഴങ്ങ്-40, പച്ചമുളക്-60, ചേന-36, കാരറ്റ്-40 എന്നിങ്ങനെയാണ് നിലവിൽ വിവിധ പച്ചക്കറികളുടെ വില. നേന്ത്രക്കായ, നേന്ത്രപ്പഴം എന്നിവക്ക് കിലോ 50 രൂപയാണ്. നാളികേരത്തിന് 56 രൂപ നൽകണം. പടവലത്തിന് 40, വെള്ളരിക്കക്ക് 30 എന്നിങ്ങനെയും വിലയുണ്ട്. ഇഞ്ചിക്ക് 80 രൂപയാണ് വില.

പച്ചക്കറികളുടെ വില ഉയർന്നതോടെ സാധാരണക്കാരന്‍റെ അടുക്കളയും പൂട്ടുന്ന സ്ഥിതിയാണ്. കഴിഞ്ഞ മാസങ്ങളിൽ ഉയർന്ന വിലയിൽ തുടരുന്ന ചെറുനാരങ്ങക്ക് നിലവിൽ കിലോക്ക് 220 രൂപയാണ്. ചെറുനാരങ്ങയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതും വിലവർധനവിന് കാരണമായതായാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വലുപ്പവും നീരും കൂടുതലുള്ള തമിഴ്നാട്ടിലെ പുളിയൻകുടി നാരങ്ങക്ക് ഹോൾസെയിൽ വില 190 രൂപയും റീട്ടെയിൽ വില 220 രൂപ വരെയുമാണ്. നാരങ്ങക്ക് വില കൂടിയത് ശീതളപാനീയങ്ങളുടെ വില ഉയരാനും കാരണമാകും. ഒട്ടൻഛത്രം, പൊള്ളാച്ചി, മൈസൂരു, ബംഗളൂരു, സത്യമംഗലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ എത്തുന്നത്. പച്ചക്കറി വരവ് കുറഞ്ഞാൽ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

അതേസമയം വില ഇനിയും ഉയർന്നാൽ വിൽപനയെ ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. ഉയർന്ന വില കാരണം ഉപഭോക്താക്കൾ വാങ്ങൽ അളവ് കുറച്ചാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കും. സാധാരണ എല്ലാ വർഷങ്ങളിലും ഉണ്ടാകാറുള്ള വിലക്കയറ്റമാണിതെന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാലാണ് വിലക്കയറ്റം സംസ്ഥാനത്തിന് തിരിച്ചടിയാകുന്നതെന്നും വ്യാപാരികൾ പറയുന്നു. ഭരണസംവിധാനങ്ങൾ ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. നേരത്തെ സവാളക്ക് വിലവർധനവുണ്ടായപ്പോൾ സർക്കാർ ഇടപെട്ട് സംസ്ഥാനത്തിന് ആവശ്യമുള്ളത്ര വിപണികളിൽ എത്തിച്ചിരുന്നു. വിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടാൻ സർക്കാർ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഉപഭോക്താക്കളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vegetable Prices Rise Amid Crop Damage
Next Story