പച്ചക്കറിക്ക് തീവില; വീട്ടിലെ വെജ് ഊണിനും ചെലവേറി
text_fieldsമുംബൈ: വിലക്കയറ്റം വീട്ടിലെ ഭക്ഷണ ചെലവിനെ കാര്യമായി ബാധിച്ചു. സവാള, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനമൂലം വീട്ടിലുണ്ടാക്കുന്ന പച്ചക്കറി ഊണിന് (വെജ് താലി) എട്ടു ശതമാനമാണ് ചെലവ് വർധിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വെജ് താലിക്ക് 25.4 രൂപ ചെലവ് വന്നിടത്ത് ഇക്കഴിഞ്ഞ മാസം ചെലവ് കണക്കാക്കുന്നത് 27.4 രൂപയാണ്. എന്നാൽ, സസ്യേതര ഊണിനുള്ള (നോൺ വെജ് താലി) ചെലവ് 58.9 രൂപയിൽ നിന്ന് 56.3 രൂപയായി കുറഞ്ഞു.
നാലു ശതമാനത്തിന്റെ വ്യത്യാസം. ഇറച്ചിക്കോഴി വില കുറഞ്ഞതാണ് കാരണം. റെയ്റ്റിങ് ഏജൻസിയായ ‘ക്രിസിലി’ന്റെ ‘റോട്ടി റൈസ് റെയ്റ്റ്’ റിപ്പോർട്ട് പ്രകാരമാണിത്.
ഇന്ത്യയിലെ വിവിധ ഇടങ്ങളിൽനിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് ഈ അനുമാനം. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് കൃഷിക്ക് നാശം സംഭവിച്ചതും റാബി വിളവിലുണ്ടായ കുറവുമൂലം സവാള വരവ് കുറഞ്ഞതുമാണ് ചെലവു കൂടാൻ കാരണം.

