‘എക്സാലോജിക് ബിനാമി സ്ഥാപനമല്ല, പ്രവർത്തനങ്ങളിൽ അച്ഛന് പങ്കില്ല’; ടി.വീണ ഹൈകോടതിയിൽ
text_fieldsകൊച്ചി: എക്സാലോജിക് 2014ൽ താൻ സ്ഥാപിച്ച കമ്പനിയാണെന്നും ബിനാമി സ്ഥാപനമല്ലെന്നും ആരോപണ വിധേയയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2016ലാണ് തന്‍റെ പിതാവ് മുഖ്യയായതെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് പങ്കില്ലെന്നും വീണ പറയുന്നു. മാതാവ് കമല വിജയന്‍റെ പെൻഷൻ പണം ഉപയോഗിച്ചാണ് സ്ഥാപനം രൂപവത്കരിച്ചത്. ഭർത്താവും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. റിയാസിന്‍റെ പണം കമ്പനിയിലേക്ക് വന്നിട്ടില്ല. കോവളം കൊട്ടാരം കൈമാറ്റത്തിൽ തനിക്ക് പങ്കുണ്ടെന്നത് വെറും ആരോപണം മാത്രമാണ്. ഹരജിക്കാരന് പൊതുതാൽപര്യമില്ലെന്നും ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്നും വീണ പറയുന്നു.
ഹരജി നിലനൽക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് വീണ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദത്തിൽ ഇക്കാര്യം വ്യക്തമാക്കണം. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ വീണ നിഷേധിച്ചു. എല്ലാം ഊഹാപോഹങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വസ്തുതകളെ മറച്ചുവെക്കുന്നു. ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.ആര്‍. അജയന്‍ നല്‍കിയ ഹരജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സി.എം.ആർ.എല്‍-എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണെന്നാണ് സത്യവാങ്മൂലത്തില്‍ വീണ ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ പ്രകാരമുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളത്. എക്‌സാലോജിക് കമ്പനി സി.എം.ആർ.എലിന് ഐ.ടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. എല്ലാ ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വീണ പറയുന്നു.
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നത്. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ തള്ളണം. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്നാണ് വീണക്കെതിരെയുള്ള ആരോപണം. ആ ആരോപണത്തെയാണ് പൂര്‍ണമായും തള്ളിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

