'അങ്ങനെയൊരു ആക്രമണം കണ്ടിട്ടില്ല, പരാതി നൽകിയത് വീണ പറഞ്ഞിട്ട്'; ഗൺമാന്റെ മൊഴിയോടെ വെട്ടിലായി സി.പി.എം
text_fieldsകണ്ണൂർ: വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന, എസ്.ഐ.ടിയുടെ കണ്ടെത്തലിലേക്ക് വഴിതുറന്ന് വീണയുടെ ഗൺമാനായിരുന്ന എം.എസ്. അഭിലാഷിന്റെ മൊഴി. ഫെബ്രുവരി 25ന് ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു സമരക്കാർ വീണയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്.ഐ.ആർ. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചും വീണക്കുനേരെ ചാടിവീണ കെ.എസ്.യു പ്രവർത്തകർ എന്തോ ആയുധം ഉപയോഗിച്ചു കഴുത്തിൽ ആക്രമിച്ചെന്നാണ് ഗൺമാൻ അഭിലാഷ് അന്നു പരാതി നൽകിയത്.
കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർ 16 ദിവസം റിമാൻഡിലുമായി. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ടി.ഒ. മോഹനൻ എം.എൽ.എ നൽകിയ പരാതിയിലാണ് എസ്.ഐ.ടി രൂപവത്കരിച്ച് പുനരന്വേഷണം നടത്തിയത്. ആയുധമുപയോഗിച്ച് ആക്രമിച്ചത് കണ്ടില്ലെന്നും പരാതി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ടാണെന്നും അഭിലാഷ് എസ്.ഐ.ടിക്ക് മൊഴിനൽകി. ഇതാണ് വീണക്ക് തിരിച്ചടിയായത്.
അക്രമിക്കാനെത്തുന്നത് കണ്ടില്ലെന്നും ഗൺമാനാണ് കണ്ടതെന്നുമാണ് എസ്.ഐ.ടിക്ക് വീണ ജോർജ് മൊഴി നൽകിയത്. അതേസമയം, വീണ ആക്രമിക്കപ്പെട്ടെന്ന നിലപാടിൽത്തന്നെയാണ് സി.പി.എം ഇപ്പോഴും. ആക്രമിക്കാനല്ലാതെ ബൊക്കെ നൽകാനാണോ കെ.എസ്.യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പോയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ചോദിച്ചു. പ്രതിപക്ഷത്തിരുന്നു ചെയ്ത തെറ്റുകൾ ന്യായീകരിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും എം.വി. ജയരാജൻ ആരോപിച്ചു.
അതേസമയം, എസ്.ഐ.ടി തലവൻ കെ.എ.പി നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമൻ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് വിരമിക്കുന്ന ദിവസം. ശനിയാഴ്ചയാണ് യു. പ്രേമൻ വിരമിച്ചത്. ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതും അന്നുതന്നെ.

