മിത്ര 181 ഹെല്‍പ്പ് ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ പദ്ധതി പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കില്‍ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങള്‍ ലഭ്യമാക്കും. എല്ലാ മാസത്തിലും ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നേരിട്ട് അവലോകനം ചെയ്യും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്.
പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണിത്. ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടവരാണ് സ്ത്രീകളും കുട്ടികളും. അതിനാല്‍ വനിത ശിശുവികസന വകുപ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ഒരാപത്തുണ്ടായാല്‍ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറണം.
വനിത ശിശുവികസന വകുപ്പിന്റെ എല്ലാ ഓഫീസുകളും സമയബന്ധിമായി ഇ ഫയലിലേക്ക് മാറ്റും. ഡയറക്ടറേറ്റില്‍ പൂര്‍ണ തോതില്‍ ഇത് നടപ്പിലാക്കും. നിർമാണം നടന്നു വരുന്ന 191 സ്മാര്‍ട്ട് അങ്കണവാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കാത്ത 130 അങ്കണവാടികളില്‍ കെ.എസ്.ഇ.ബിയുടെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിക്കും. നിര്‍ഭയ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, എല്ലാ ജില്ലകളിലേയും വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഡി.സി.പി.ഒ.മാര്‍, ഡബ്ല്യു.പി.ഒ.മാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

