സർക്കാർ അതിജീവിതക്കൊപ്പം, അടൂർ പ്രകാശിന്റേത് സ്ത്രീവിരുദ്ധ നിലപാട് -വീണ ജോർജ്
text_fieldsവീണ ജോർജ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ പിന്തുണച്ച് പരസ്യ പിന്തുണയുമായി രംഗത്തെത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ രൂക്ഷവിമർശനം. അടൂർ പ്രകാശിന്റെയും അദ്ദേഹത്തിന്‍റെ പാർട്ടിയുടെയും സ്ത്രീവിരുദ്ധ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ആദ്യമായല്ല അവർ ഇത്തരം പരാമർശങ്ങളുന്നയിക്കുന്നത്. സർക്കാർ അതിജീവിതക്കൊപ്പമാണെന്നും വീണ ജോർജ് പറഞ്ഞു. നേരത്തെ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു അടർ പ്രകാശിന്‍റെ പരാമർശം.
“പറഞ്ഞ നേതാവിന്‍റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെയും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ഇത് ആദ്യമായല്ലല്ലോ അവരുടെ ഭാഗത്തുനിന്ന് അത്തരം പരാമർശങ്ങളും സമീപനങ്ങളും ഉണ്ടാകുന്നത്. ഈ പെൺകുട്ടി കഴിഞ്ഞ പത്ത് വർഷത്തോളം അനുഭവിച്ച മാനസിക വിഷമം, നേരിട്ട അതിക്രൂര പീഡനം, അവൾ അതിലെടുത്ത സുധീരവും നിശ്ചയദാർഢ്യത്തോടെയുമുള്ള തീരുമാനമാണ് ഈ പോരാട്ടം മുന്നോട്ടുനയിച്ചത്. തീർച്ചയായും അവൾക്കൊപ്പമാണ് സർക്കാർ. അത് ഇനിയും തുടരും” -വീണ ജോർജ് വ്യക്തമാക്കി.
പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. മാധ്യമങ്ങൾ നൽകിയത് ഒരുവശം മാത്രമാണെന്നും താൻ എപ്പോഴും അതിജീവിതക്കൊപ്പമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അപ്പീൽ പോകുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ട ആൾ താനല്ല. പറയുന്ന കാര്യങ്ങൾ മുഴുവനും കാണിക്കാതെ ഏതെങ്കിലും ഭാഗം മാത്രം സംപ്രേഷണം ചെയ്യുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് സമയത്ത് വെറുതെ ചർച്ചയുണ്ടാക്കുകയാണ്. പാർട്ടിയുടെ നിലപാടിനൊപ്പമാണ് താൻ. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴത്തെ വിഷയമല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
ദിലീപിന് നീതി ലഭ്യമായതായും അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് താനെന്നുമാണ് അടൂർ പ്രകാശ് രാവിലെ പ്രതികരിച്ചത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“നടി എന്ന നിലയിൽ ആ കുട്ടിയോടൊക്കെ ഒപ്പമാണ് നമ്മൾ എന്ന് എല്ലാവരും പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായിട്ടുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാൻ. തീർച്ചയായും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് കോടതിയിൽനിന്ന് നീതി ലഭ്യമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്തിൽ കുറേ പൊലീസുകാർ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഇന്നലെ ഈ വിധി വന്നപ്പോൾ എനിക്കും അങ്ങനെയൊക്കെ തോന്നി. സർക്കാറിന് വേറെ ഒരു ജോലിയുമില്ലാത്തതിനാൽ അപ്പീൽ പോകുമല്ലോ. ഏതുവിധത്തിലും ആരെയൊക്കെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാറാണിത്” -അടൂർ പ്രകാശ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ ഇന്നലെയാണ് നടൻ ദിലീപിനെ കുറ്റമുക്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, മറ്റു മൂന്നുപേരെയും വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

